കൊച്ചി: മഴത്തുള്ളികൾ ഇറ്റിറ്റുവീഴുന്ന മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ മമ്മൂട്ടിയുടെ കണ്ണുകളാണ് സംസാരിച്ചത്... മനസ്സിന്റെ കണ്ണാടിയെന്നോണം ആ കണ്ണുകളിൽ ഓർമകളുടെ ഉദ്യാനമായിരുന്നു.

ജീവിതത്തിലാദ്യമായി സിനിമാ ഷൂട്ടിങ് കാണാനെത്തിയ സ്ഥലം, കോളേജുകാലത്ത്‌ കൂട്ടുകാരുമായി സൊറ പറഞ്ഞിരുന്ന സ്ഥലം, നായകനായപ്പോൾ നായികമാരുമൊത്ത്‌ മരംചുറ്റി പ്രണയിച്ച സ്ഥലം... നവീകരിച്ച എറണാകുളം സുഭാഷ് പാർക്ക് മമ്മൂട്ടിയിൽ ഓർമകളുടെ വേലിയേറ്റമുണ്ടാക്കി.

“ഞാനാദ്യമായി ഒരു ഷൂട്ടിങ് കാണുന്നത് ഇവിടെയാണ്. അന്നത്‌ കണ്ടുനിൽക്കുമ്പോൾ ഞാനുമൊരിക്കൽ ഒരു താരമാകുമെന്ന്‌ കരുതിയില്ല. സിനിമ വലിയൊരു സ്വപ്നമായി മനസ്സിൽ സൂക്ഷിച്ചയാളാണ്‌ ഞാൻ. അന്ന്‌ ഷൂട്ടിങ് കണ്ടുനിൽക്കുമ്പോഴും ആ സ്വപ്നം മനസ്സിലുണ്ടായിരിക്കാം” - മമ്മൂട്ടി പറഞ്ഞു.

സുഭാഷ് പാർക്കിനു മുന്നിലൂടെയുള്ള യാത്രകളും മമ്മൂട്ടിയുടെ മനസ്സിൽ മായാതെയുണ്ട്. “കൊച്ചി എന്റെ അഭിമാന നഗരമാണ്. ഇവിടെ താമസിക്കാൻ കഴിയുന്നത്‌ വലിയ അഭിമാനത്തോടെയാണ് ഞാൻ കാണുന്നത്. ഞാൻ ജനിച്ചുവളർന്നത്‌ ചെമ്പ് എന്ന സ്ഥലത്താണ്. കുട്ടിക്കാലത്ത് ചെമ്പിൽനിന്ന്‌ ഈ നഗരത്തിലെത്തുമ്പോൾ സുഭാഷ് പാർക്കിന്‌ മുന്നിലൂടെ പല തവണ കടന്നുപോയിട്ടുണ്ട്. ഓരോ തവണയും ഈ പാർക്കിനെ എത്രയോ നേരം നോക്കിനിന്നിട്ടുണ്ട്” - മമ്മൂട്ടി പറഞ്ഞു.

മഴ ചാറുന്നുണ്ടായിരുന്നെങ്കിലും സുഭാഷ് പാർക്കിലൂടെ അൽപ്പം നടക്കാതെ മമ്മൂട്ടിക്ക്‌ മടങ്ങാനാകുമായിരുന്നില്ല. പുതുതായി തുടങ്ങിയ ശലഭോദ്യാനത്തിന്‌ അരികിലെത്തിയപ്പോൾ നിറഞ്ഞ സന്തോഷം. “പണ്ട്‌ കാണാത്ത കാഴ്ചയാണിത്. ശലഭങ്ങൾ ഒരുപാട്‌ വരട്ടെ. ശലഭങ്ങളാൽ പാർക്ക്‌ നിറയട്ടെ” - അരികിലുണ്ടായിരുന്ന മേയർ എം. അനിൽ കുമാറിനോട്‌ മമ്മൂട്ടി പറഞ്ഞു.

നഗരത്തിന്റെ സന്തോഷ മുഖങ്ങളിലൊന്നായ സുഭാഷ് പാർക്ക് നവീകരിച്ചതിന്റെ വലിയ സന്തോഷവും മമ്മൂട്ടി പങ്കുവെച്ചു. “ഓരോ കാലത്തും പുതുക്കലാണ് ജീവിതം. പാർക്കും അതുപോലെ നവീകരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. കൊച്ചിയിൽ ഇത്രയും വലിയൊരു സ്ഥലം ഇതുപോലെ നിലനിൽക്കുന്നത് വലിയ കാര്യമാണ്. സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും കലകളുടേയും കേന്ദ്രമായി നമ്മുടെ സുഭാഷ് പാർക്ക് ഇനിയും നിലനിൽക്കട്ടെ...” - മമ്മൂട്ടി ആശംസാപ്പൂക്കൾ അർപ്പിച്ചു.