കൊച്ചി: സംസ്ഥാനം ഉറ്റുനോക്കുകയാണ് കുന്നത്തുനാട്ടിലേക്ക്. ട്വന്റി 20-യുടെ നിയമസഭാ പ്രവേശമുണ്ടാകുമോ എന്നതാണ്‌ ചോദ്യം. വിജയപ്രതീക്ഷ പങ്കുവെയ്ക്കുന്ന മുന്നണികൾക്കാകട്ടെ അതിനെ സാധൂകരിക്കുന്ന കണക്കൊപ്പിക്കാനാകുന്നുമില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇവിടെ പോളിങ് ശതമാനം കുറഞ്ഞിട്ടുണ്ട്. ആബ്‌സന്റീവ് വോട്ടുകൂട്ടാതെ 80 ശതമാനം പോളിങ്ങേ നടന്നിട്ടുള്ളു. കഴിഞ്ഞ തവണ 85.96 ശതമാനമായിരുന്നു ഇവിടത്തെ പോളിങ്. വാശിയേറിയ ത്രികോണ മത്സരമായതിനാൽ 85 ശതമാനത്തിലധികം പോളിങ് എല്ലാവരും പ്രതീക്ഷിച്ചു.

വോട്ട്‌ പെട്ടിയിലായിക്കഴിഞ്ഞപ്പോൾ കണക്കൊക്കാത്ത സ്ഥിതിയാണ്. ജയിക്കുമെന്ന് ആർക്കും ആത്മാർഥമായി പറയാൻ പറ്റാത്ത സ്ഥിതി. എന്നാൽ, എല്ലാവരും ജയിക്കുമെന്ന പ്രതീക്ഷ പുലർത്തുകയും ചെയ്യുന്നു.

ട്വന്റി 20-യുടെ പ്രകടനത്തെക്കുറിച്ച്‌ വ്യക്തമായ ചിത്രം കിട്ടാത്തതാണ്‌ പ്രശ്നം. നാല്‌ പഞ്ചായത്തുകൾ ഭരിക്കുന്ന ട്വന്റി-20, ഈ പഞ്ചായത്തുകളിൽ എത്ര വോട്ട്‌ പിടിക്കുമെന്നാണ്‌ കണക്കുകൂട്ടാൻ പറ്റാത്തത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം ഈ പഞ്ചായത്തുകളിൽ ട്വന്റി 20-ക്ക് ഉണ്ടാവില്ലെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ. തദ്ദേശ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമല്ല നിയമസഭയിലെന്നതാണ്‌ മുന്നണികൾ ഇതിന്‌ നിരത്തുന്ന ന്യായം.

പ്രതീക്ഷകളിങ്ങനെ

ട്വന്റി-20

കിഴക്കമ്പലത്തും ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലും വെങ്ങോലയിലെ ഒമ്പതോളം ഡിവിഷനുകളിലുമായി 44,000 വോട്ട് ട്വന്റി 20-ക്കുണ്ട്. മറ്റു പഞ്ചായത്തുകളിലും ആനുപാതികമായ വോട്ട്‌ പിടിക്കാനാകും. അങ്ങനെ സുജിത്ത് സുരേന്ദ്രനിലൂടെ ട്വന്റി-20 നിയമസഭയിൽ ഇടംനേടും.

യു.ഡി.എഫ്.

വി.പി. സജീന്ദ്രന്‌ സിറ്റിങ് സീറ്റ് നിലനിർത്താനാകും. വാഴക്കുളം പഞ്ചായത്തിൽ കിട്ടുന്ന ലീഡിന്റെ ബലത്തിലായിരിക്കും യു.ഡി.എഫ്. വിജയം ഉറപ്പിക്കുക. എണ്ണായിരത്തിനും ഒമ്പതിനായിരത്തിനും ഇടയിൽ ഇവിടെ ഭൂരിപക്ഷം കിട്ടും. കിഴക്കമ്പലത്ത്‌ 4000 വോട്ടിന്റെ ലീഡ് ട്വന്റി 20-ക്ക്‌ കിട്ടും. ഇവിടെ ഇടതുപക്ഷം വല്ലാതെ പിന്നിൽ പോകും. മഴുവന്നൂരിലും ഐക്കരനാടും ട്വന്റി 20-ക്ക്‌ ചെറിയ ഭൂരിപക്ഷമേ കിട്ടൂ. കുന്നത്തുനാട് 1000 വോട്ടിന്റെ ഭൂരിപക്ഷം കോൺഗ്രസിന്‌ കിട്ടും. പൂത്തൃക്ക, പുത്തൻകുരിശ്, തിരുവാണിയൂർ എന്നിവിടങ്ങളിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. അവിടെ വ്യക്തമായ ഭൂരിപക്ഷം യു.ഡി.എഫിന്‌ കിട്ടും. ബി.ജെ.പി. അവരുടെ വോട്ട്‌ പിടിക്കുക കൂടി ചെയ്താൽ നാലായിരത്തിലധികം വോട്ടിന്‌ സജീന്ദ്രൻ സീറ്റ്‌ നിലനിർത്തും.

എൽ.ഡി.എഫ്.

ആയിരത്തിനും രണ്ടായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന്‌ ഇടതു സ്ഥാനാർഥി വി.വി. ശ്രീനിജിൻ ജയിക്കും. വോട്ടുകൾ നാലു ഭാഗത്തേക്കായി വീതംവെയ്ക്കുമ്പോൾ ഇടതുമുന്നണിയുടെ ഉറച്ച വോട്ടിന്റെ പിൻബലത്തിൽ വലിയ ഭൂരിപക്ഷത്തോടെയല്ലാത്ത വിജയം ഇടതുമുന്നണിക്ക്‌ കിട്ടും. സർക്കാരിനെതിരായ വികാരം മണ്ഡലത്തിലില്ല എന്നത്‌ ഗുണകരമാകും.