പറവൂർ: മുളകൊണ്ടുള്ള പുട്ടുകുറ്റിയും ചിരട്ടത്തവിയും മൺകലങ്ങളും കൈത്തറിയും ഒക്കെയായി ചേന്ദമംഗലം മാറ്റപ്പാടത്ത്‌ വിഷു ‘മാറ്റച്ചന്ത’ തുടങ്ങി. വിഷുത്തലേന്ന്‌ ‘വലിയമാറ്റ’ത്തോടെ ആണ്ടിലൊരിക്കൽ നടക്കുന്ന മാറ്റച്ചന്ത സമാപിക്കും.

നന്മ നിറഞ്ഞ നാട്ടിൻപുറത്തിന്റെ ശേഷിപ്പുകളിലൊന്നാണ്‌ മാറ്റച്ചന്ത. ചേന്ദമംഗലം പാലിയം നടയിൽ ഇക്കുറി കോവിഡ് മാർഗ നിർദേശങ്ങൾ ഉൾക്കൊണ്ടാണ്‌ ചന്ത നടക്കുന്നത്. പൈതൃകം പേറുന്ന ഈ ചന്തയിൽ ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകളെത്തുന്നുണ്ട്.

ചരിത്രത്തിൽ ഇടംപിടിച്ച ചേന്ദമംഗലം മാറ്റച്ചന്ത നാണയ വ്യവസ്ഥിതി ഇല്ലാതിരുന്ന കാലത്ത്‌ പാലിയം രാജകുടുംബം തുടക്കമിട്ടതാണ്. ഇപ്പോഴത്‌ ചേന്ദമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്‌ മൂന്നു ദിവസങ്ങളിലായി നടക്കുന്നത്.

ചരിത്ര പുസ്തകങ്ങളിലും സേതുവിന്റെ ‘മറുപിറവി’ നോവലിലും ചേന്ദമംഗലം മാറ്റച്ചന്തയെക്കുറിച്ച്‌ പരാമർശിക്കുന്നുണ്ട്. മൺഭരണികൾ, നാട്ടുമാങ്ങകൾ, ഉണക്കമത്സ്യം, പൂച്ചെടികൾ, കുടുംബശ്രീ ഉത്‌പന്നങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, പച്ചക്കറി വിത്തുകൾ തുടങ്ങി പഴമ നിഴലിക്കുന്ന ഒട്ടേറെ വസ്തുക്കൾ ഇവിടെ വില്പനയ്ക്കുണ്ട്.

മേലൂരിൽ നിന്നെത്തിയിട്ടുള്ള ദമ്പതിമാരായ അമ്മിണിയും ഉണ്ണിയും ഈറ്റ കൊണ്ടുള്ള വസ്തുക്കൾ അവിടിരുന്നുതന്നെ കാണികൾക്കായി ഉണ്ടാക്കുന്നുണ്ട്. കൊട്ട, മുറം, ഓരുകൊട്ട, മീൻകൂട, മുള ജഗ്ഗ്, മുളക്കപ്പ് തുടങ്ങി ഒട്ടേറെ ഇനങ്ങൾ ഇവരുടെ വില്പനശാലയിലുണ്ട്. ഗ്യാസ് അടുപ്പിൽ പാകം ചെയ്യാവുന്ന മുളയുടെ പുട്ടുകണയും ഉണ്ടെന്ന് അമ്മിണി പറഞ്ഞു.

ഇത്തവണ മൺപാത്രങ്ങളും ചെടിച്ചട്ടികളും മൺഭരണികളും കൂടുതൽ വില്പനയ്ക്കായി എത്തിയിട്ടുണ്ട്. പ്രിയൂർ, മൂവാണ്ടൻ, ചന്ദ്രക്കാരൻ എന്നീ നാട്ടുമാങ്ങകളും ചന്തയിലുണ്ട്.

മകുടം തന്നെ താരം

മാറ്റപ്പാടത്ത്‌ എത്തുന്ന കുട്ടികളും മുതിർന്നവരും വാങ്ങുന്ന കളിക്കോപ്പാണ്‌ ‘മകുടം’. ഇത്തവണയും മകുടത്തിന് ആവശ്യക്കാരേറെ. 43 വർഷമായി മകുടം ഉണ്ടാക്കി വിൽക്കുന്ന എടവനക്കാട് മൂലങ്കര കൃഷ്ണൻകുട്ടിയും ഭാര്യ കുമാരിയും കൊണ്ടുവന്ന 300 മകുടം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. 80 രൂപയാണ് ഈ നാടൻ കളിക്കോപ്പിന്റെ ഇത്തവണത്തെ വില.

ഒരു രൂപയ്ക്ക്‌ മകുടം വിറ്റ ഓർമ കൃഷ്ണൻകുട്ടിക്കുണ്ട്. കോലിൽ പിടിച്ച്‌ തിരിച്ചാൽ പ്രത്യേക ശബ്ദം ഉണ്ടാകുന്നതാണ് മകുടം. ചിരട്ട, നീറ്റിയ തുകൽ, ശീമക്കൊന്ന കമ്പ് എന്നിവ കൊണ്ടാണ്‌ ഇതിന്റെ നിർമാണം. ഒരു വർഷത്തെ പ്രയത്നമാണ് വിൽക്കാനെത്തിച്ച 300 മകുടങ്ങൾ.