അങ്കമാലി : പട്ടികജാതി ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി നൽകിയ സംഭാവനകൾ കണക്കിലെടുത്ത് മൂക്കന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. വർഗീസിനെ കെ.പി.എം.എസ്. അങ്കമാലി യൂണിയൻ ആദരിച്ചു. അങ്കമാലി എസ്.എൻ.ഡി.പി. ഹാളിൽ നടന്ന കെ.പി.എം.എസ്. യൂണിയൻ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ, ടി.എം. വർഗീസിന് ഉപഹാരം സമ്മാനിച്ചു. യൂണിയൻ പ്രസിഡന്റ് എസ്. സുദർശൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അംബേദ്കർ ജഗദ്‌റോസ്, യൂണിയൻ നേതാക്കളായ സുജിഷ് സുബ്രൻ, എ.കെ. സുകുമാരൻ, പി.കെ. ബിന്ദു, സുജിത്ത് സുരേഷ്, കമലേഷ് വേലായുധൻ എന്നിവർ പ്രസംഗിച്ചു.

ടി.എം. വർഗീസ് മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2004-ൽ പട്ടികജാതിക്കാർക്കായി ആവിഷ്കരിച്ച ക്ലസ്റ്റർ ഭവന നിർമാണ പദ്ധതി സംസ്ഥാനത്ത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാനായിരിക്കെയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ച് പട്ടികജാതി യുവാക്കളെ നൈപുണ്യവത്കരിച്ച് വിദേശ ജോലിക്കയയ്ക്കുന്ന പദ്ധതി നടപ്പാക്കിയത്.

സംസ്ഥാനത്ത് ആദ്യമായി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഈ പദ്ധതിയുടെ സാധ്യതകൾ മനസ്സിലാക്കിയ സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുത്ത് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.