കളമശ്ശേരി: പ്രശസ്ത കപ്പൽ ക്ലാസിഫിക്കേഷൻ സംഘടനയായ ക്ലാസ്‌ എൻ.കെ.യുടെ ഇന്ത്യൻ സാങ്കേതിക സമിതിയംഗമായി കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗം പ്രൊഫസർ കെ. ശിവ പ്രസാദിനെ തിരഞ്ഞെടുത്തു. ജപ്പാനിലെ ടോക്യോ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലാസ്‌ എൻ.കെ. ചരക്ക്, യാത്ര, യുദ്ധക്കപ്പലുകളുടെ ക്ലാസിഫിക്കേഷനും സർവേകളും നടത്തുന്ന സംഘടനയാണ്.

ലോകത്തെ എല്ലാ പ്രധാന മാരിടൈം രാജ്യങ്ങളിലും സജീവമായ ക്ലാസ്‌ എൻ.കെ.യ്ക്ക്‌ ഈ രാജ്യങ്ങളിലെല്ലാം സാങ്കേതിക സമിതികൾ നിലവിലുണ്ട്. ക്ലാസ്‌ എൻ.കെ.യിലെ മുതിർന്ന അംഗങ്ങളും കപ്പൽ നിർമാണശാലകളിലെ സാങ്കേതിക വിദഗ്ദ്ധരും കപ്പൽ ഉടമസ്ഥരും അനുബന്ധ മേഖലയിലെ പ്രമുഖരുമാണ് ഈ സാങ്കേതിക സമിതികളിലുള്ളത്.

ക്ലാസ്‌ എൻ.കെ. പോലുള്ള മാരിടൈം സ്ഥാപനത്തിന്റെ സാങ്കേതിക സമിതിയിലേക്കുള്ള ഡോ. ശിവപ്രസാദിന്റെ നാമനിർദേശം കുസാറ്റ് ഷിപ്പ് ടെക്നോളജി വകുപ്പിനു ലഭിച്ച അംഗീകാരം കൂടിയാണ്.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ട്രാൻസ്പോർട്ട് എൻജിനീയറിങ് ടെക്നിക്കൽ കമ്മിറ്റി, ഡി.ആർ.ഡി.ഒ. നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ് എക്സ്റ്റേണൽ എക്സ്പെർട്ട് കമ്മിറ്റി, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി റിസർച്ച് ബോർഡ് അംഗം എന്നീ പദവികളും ഡോ. കെ. ശിവപ്രസാദ് വഹിക്കുന്നുണ്ട്. തൃക്കാക്കര വാമനമൂർത്തി ടെമ്പിൾ റോഡിൽ ചിന്താമണി വീട്ടിലാണ് താമസം.