: വിശുദ്ധിയുടെയും വിജയത്തിന്റെയും സുവർണാവസരങ്ങളൊരുക്കിയ റംസാൻ വിടപറയുകയാണ്. ഒരു മാസക്കാലം വിശ്വാസികളുടെ ജീവിതം സമർപ്പണത്തിനും ത്യാഗത്തിനുമുള്ള പരിശീലനക്കളരിയിലൂടെയാണ് കടന്നുപോയത്. കാരുണ്യത്തിന്റെയും സാഫല്യത്തിന്റെയും ദിനരാത്രങ്ങൾ.

നൊമ്പരത്തിനു മീതെ നൊമ്പരം എന്ന പോലെ തുടർച്ചയായ രണ്ടാം വർഷവും കോവിഡ് നിയന്ത്രണങ്ങൾ സ്വതന്ത്രവും സുതാര്യവുമായ റംസാൻ ആചരണത്തിനു പരിധി വിധിച്ചു. ആബാലവൃദ്ധം വിശ്വാസികൾ പള്ളികളിലെത്തി നമസ്കാരങ്ങളും മറ്റും നിർവഹിച്ച നല്ലകാല ചിത്രങ്ങൾ ഓർമകളാകല്ലേയെന്ന കണ്ഠമിടറിയുള്ള പ്രാർത്ഥനയോടെയാണ് ഈ റംസാൻ കാലത്തെ വിശ്വാസികൾ യാത്രയാക്കുന്നത്.

റംസാൻ കാലങ്ങളിലെ ബാങ്കൊലികൾക്കു പ്രത്യേക മധുരവും മാസ്മരികതയും മനോഹാരിതയും ഉണ്ട്. അതുകൊണ്ടാണ് മറ്റു കാലങ്ങളെ അപേക്ഷിച്ച് ഏറെ വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്നത്.

സാഹചര്യങ്ങൾ മനസ്സിലാക്കി ഔചിത്യ ബോധത്തോടെ ജീവിക്കാനും വ്യവഹരിക്കാനും വിശ്വാസി ബാധ്യസ്ഥനാണ്. റംസാൻ പകർന്ന വിശുദ്ധിയുടെ പരിപൂർണതയും തുടർച്ചയും ആവശ്യപ്പെടുന്ന ആഘോഷ സുദിനമാണ് പെരുന്നാൾ. റംസാൻ വിശുദ്ധിയിൽ സുകൃതങ്ങളുടെയും നന്മകളുടെയും വെള്ളി ത്തേരിലേറി പെരുന്നാളിന്റെ പൊൻപുലരിയിലെത്തുന്ന വിശ്വാസിമാനസം ആത്മനിർവൃതിയുടെ അനുഭൂതിയാണ് ആസ്വദിക്കുന്നത്.

പെരുന്നാൾ ആഘോഷം എന്ന പോലെ സ്നേഹ കാരുണ്യത്തിന്റെ വിനിമയ, വിതരണ കാലവും കൂടിയാണ്. ആഘോഷത്തെ ആരാധനയും പുണ്യവും ആക്കി വിജയിക്കാൻ സാധിക്കുന്നു എന്നതാണ് പെരുന്നാളിന്റെ സവിശേഷത.

പുത്തൻ ഉടുപ്പിട്ടും സുഗന്ധം പൂശിയും വിശിഷ്ട ഭക്ഷണം കഴിച്ചും സന്തോഷിച്ചും ആശ്ലേഷിച്ചും ആശംസിച്ചും അനുഷ്ഠിക്കുന്ന ഒരു വിശേഷാൽ ആരാധന കൂടിയാണ് ഇസ്‌ലാമിലെ പെരുന്നാളാഘോഷം. പുറംപൊലിമ കുറഞ്ഞാലും പെരുന്നാളിനെ ആത്മീയ ഗുണങ്ങൾ പ്രധാനിക്കുന്ന കനകാവസരമാക്കി മാറ്റാൻ വിശ്വാസികൾക്കു കഴിയണം. മറ്റുള്ളവരെയും കൂടി സന്തോഷിപ്പിക്കുന്നതിലാണ് സ്വന്തം സന്തോഷത്തിന്റെ പൂർണത എന്ന വിചാരം പെരുന്നാൾ വിശ്വാസികൾക്ക് നൽകുന്നുണ്ട്. ഫിത്വർ സകാത്ത് എന്നു പറയുന്ന പെരുന്നാൾ ദാനം കേവലമായ അരി ദാനമല്ല. മറിച്ച്‌ ജീവദാനവും സന്തോഷ, സ്നേഹ കൈമാറ്റവും കൂടിയാണ്. ഇല്ലാത്തവനെ ചേർത്തുപിടിക്കാനുള്ള വിശ്വാസി ബാധ്യതയെ ഉണർത്തുന്ന അനുഷ്ഠാനം.

പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉൗഷ്മളത അടയാളപ്പെടുത്തുന്ന സൗഹൃദ കൈമാറ്റത്തിന്‌ കൊറോണക്കാല സൂക്ഷ്മത പരിധി നിശ്ചയിക്കുന്നുണ്ട്. പക്ഷേ, പരസ്പര സ്നേഹത്തിന്റെയും സാന്ത്വന സഹകരണ വിചാരത്തിന്റെയും ആത്മ സാഫല്യത്തിന്റെയും മധുരവിചാരങ്ങൾ എല്ലാ നൊമ്പരങ്ങൾക്കും മീതെ സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും തണൽ ഒരുക്കുന്നുണ്ട് എന്നതാണ് സത്യം. ഈ പെരുന്നാളിന്റെ വലിയ സന്ദേശവും അതു തന്നെയാണ്.