: കോവിഡ് വൈറസിൽനിന്നുള്ള അതിജീവനത്തിന്റെ ഭാഗമായി നാമെല്ലാവരും ലോക്ഡൗണിലാണ്. ഈ മഹാമാരിയിൽനിന്നുള്ള അതിജീവനത്തിന്റെ വഴിയിൽ സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിക്കൽ അനിവാര്യമാണ്.

വിശുദ്ധ റംസാനിലെ ദിനരാത്രങ്ങളിൽ വ്രതത്തിലൂടെയും തറാവീഹ് നമസ്കാരങ്ങളിലൂടെയും സക്കാത്തിലൂടെയും മറ്റും ആർജിച്ച ആത്മവിശുദ്ധിയുടെ സമാപനത്തിനു ചെറിയ പെരുന്നാളിൽ പള്ളികളിൽ ഒത്തുകൂടി നമസ്കരിക്കണമെന്നാണ് വിശ്വാസവും ആഗ്രഹവും. എന്നാൽ, അള്ളാഹുവിന്റെ ഭവനങ്ങളായ പള്ളികളിൽ അടച്ചിടൽ മൂലം ഇത്തവണ അതു സാധ്യമാകില്ല. അതുകൊണ്ട്‌ വീടുകളിൽ പെരുന്നാൾ നമസ്കാരം നടത്തി അല്ലാഹുവിനു നമുക്ക്‌ സുജൂദ് (സാഷ്ടാംഗം) നിർവഹിക്കാം.

പെരുന്നാൾ ദിനത്തിൽ സൂര്യോദയം മുതൽ ഉച്ചവരെയാണ് നമസ്കാര സമയം. എന്നാൽ, അന്നത്തെ സൂര്യൻ ഉദിച്ച് ഏഴുമുഴം ഉയരുന്നതുവരെ കാത്തിരിക്കുന്നതാണ് കൂടുതൽ ഉത്തമം. പെരുന്നാൾ നമസ്കാരം രണ്ടുരൂപത്തിൽ നിർവഹിക്കാം; കുറഞ്ഞ രൂപവും പരിപൂർണ രൂപവും. നിയ്യത്തോടു കൂടി സാധാരണ നിർവഹിക്കുന്ന രൂപത്തിൽ രണ്ട് റക്അത്ത് നിസ്കരിക്കാം. എന്നാൽ, നിയ്യത്തോടുകൂടി ‘ഈദുൽ ഫിത്വർ സുന്നത്ത് നിസ്കാരം രണ്ടു റക്അത്ത് അള്ളാഹു തആലാക്ക് വേണ്ടി ഖിബ്‌ലക്ക് തിരിഞ്ഞു ഞാൻ നമസ്കരിക്കുന്നു’ എന്നാകുന്നു നിയ്യത്തിന്റെ പൂർണ രൂപം. ഇമാമിന്റെ കൂടെ ജമാഅത്തായിട്ടാണ് നിർവഹിക്കുന്നതെങ്കിൽ ‘ഇമാമോടുകൂടി’ എന്ന കരുതൽ അനിവാര്യമാണ്.

നിയ്യത്തോടൊപ്പം തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലി നമസ്കാരത്തിൽ പ്രവേശിക്കുക. ശേഷം പ്രാരംഭ പ്രാർഥനയായ വജ്ജഹ്തു ഒാതുന്നത് സുന്നത്തുണ്ട്. അനന്തരം ഫാതിഹാക്കു മുമ്പ് ഒന്നാം റക്അത്തിൽ ഏഴു പ്രാവശ്യവും രണ്ടാം റക്അത്തിൽ അഞ്ചു പ്രാവശ്യവും തക്ബീർ ചൊല്ലൽ സുന്നത്തുണ്ട്. തക്ബീറുകൾക്കിടയിൽ ‘സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലള്ളാഹു വള്ളാഹു അക്ബർ’ എന്നു ചൊല്ലലും സുന്നത്താണ്. ഓരോ തക്ബീർ ചൊല്ലുമ്പോഴും ഇമാമും മഅമൂമും ഉറക്കെപ്പറയലും രണ്ടുകൈകൾ ചുമലിനു നേരെ ഉയർത്തി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽ വെക്കലും സുന്നത്താകുന്നു. ശേഷം ഫാതിഹ ഓതുക. ഫാത്തിഹയ്ക്കു ശേഷം ഒന്നാം റക്അത്തിൽ ‘ഖാഫ്’ സൂറത്തും രണ്ടാം റക്അത്തിൽ ‘ഇഖ്തറബ’യും ഓതുക. ഇതറിയില്ലെങ്കിൽ അറിയാവുന്ന സൂറത്തുകൾ ഓതുക. ശേഷം സാധാരണ നമസ്കാരങ്ങളിലെ കർമങ്ങൾ പൂർത്തീകരിച്ച് സലാം വീട്ടുക. ഇതാകുന്നു പെരുന്നാൾ നമസ്കാരത്തിന്റെ പൂർണ രൂപം.

നമസ്കാരശേഷം രണ്ട് ഖുതുബ ഓതൽ സുന്നത്തുണ്ട്. ഒന്നാം ഖുതുബ ഒമ്പതു തക്ബീറുകൾ കൊണ്ടു തുടങ്ങലും രണ്ടാം ഖുതുബ ഏഴ് തക്ബീറുകൾ കൊണ്ടു തുടങ്ങലും ഖുതുബയുടെ അനിവാര്യ ഘടകങ്ങളെ തക്ബീറുകൾ കൊണ്ടു പിരിക്കലും നല്ലതാണ്. പെരുന്നാൾ നമസ്കാരം പുരുഷനും സ്ത്രീക്കും സുന്നത്തുണ്ട്.

തനിച്ചും ജമാ അത്തായും നിർവഹിക്കാവുന്നതാണ്. വീട്ടിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്ത ഈ സാഹചര്യത്തിൽ ഗൃഹനാഥൻ ഇമാമും മറ്റുള്ളവർ പിറകിൽനിന്നും ചെറിയ പെരുന്നാൾ നമസ്കാരം നിർവഹിച്ച് നമുക്കൊരു പുതിയ അധ്യായം രചിക്കാം.