കൊച്ചി: “ശവ്വാലിൻ പൊൻപിറ കണ്ടു, ഇതാഘോഷ രാവ്

ഷറഫേറും പുലരി പിറന്നു ഇതാഘോഷ നാള്

റമദാനിൻ പുണ്യങ്ങളേറി തക്ബീറിൻ ധ്വനികളുമായ്

റഹ്‌മത്തിൻ വാതിൽ തുറന്നു അഹദോന്റെ ഖുദ്‌റത്താലേ...”

പൂനിലാവഴകിൽ ഇശൽ തേൻകണമായി അൽക്കയുടെ സ്വരമാധുരി ഒഴുകിയെത്തുമ്പോൾ മൊഞ്ചേറും പെരുന്നാളിന്റെ നിറമാർന്ന ചിത്രങ്ങൾ മനസ്സിൽ തെളിയും. പള്ളിമിനാരങ്ങളെ തഴുകിയെത്തുന്ന തക്ബീർ ധ്വനികളും അത്തറിന്റെ പരിമളം വീശുന്ന പുത്തൻ കുപ്പായങ്ങളുമൊക്കെ നിറഞ്ഞ പെരുന്നാൾ.

പാട്ടിന്റെ വിരുന്നൊരുക്കി പെരുന്നാളിനെ വരവേൽക്കുമ്പോൾ ആഹ്ലാദത്തിന്റെ പൂക്കളാണ് അൽക്കയ്ക്കു ചുറ്റും വിടരുന്നത്.

ഫോർട്ട്‌കൊച്ചി സ്വദേശിയും എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ ഡിഗ്രി വിദ്യാർഥിനിയുമായ അൽക്ക അസ്‌കർ ഇതിനകം 25-ഓളം ആൽബങ്ങളും ഒട്ടേറെ ഗസലുകളും പാടി. ആദ്യമായി പിന്നണി പാടിയ സിനിമ പെരുന്നാൾ ദിനത്തിൽ റിലീസാകുന്നതിന്റെ സന്തോഷത്തിലാണ് അൽക്ക ഇപ്പോൾ. ആൽബങ്ങളും ഗസലുകളും പിന്നിട്ട്‌ സിനിമാ ഗാനങ്ങളുടെ ലോകത്തെത്തുമ്പോഴും അൽക്കയ്ക്ക്‌ പ്രിയപ്പെട്ടത് പെരുന്നാളിന്റെ മൊഞ്ചു നിറയുന്ന പാട്ടുകൾ തന്നെ.

പാട്ടിന്റെ അമ്പിളിച്ചന്തം

ഫോർട്ട്‌കൊച്ചി പ്രിൻസസ് സ്ട്രീറ്റ് കുന്നത്തുപറമ്പിൽ അസ്‌കറിന്റേയും സിമിയയുടേയും മൂന്നു മക്കളിൽ ഇളയവളായ അൽക്കയ്ക്ക്‌ സംഗീതവഴികളിൽ പാരമ്പര്യത്തിന്റെ പിന്തുണയൊന്നുമില്ല.

“ഗൾഫിൽനിന്ന്‌ ബാപ്പ ഒരിക്കൽ കൊണ്ടുവന്ന മൈക്കും കരോക്കെ സെറ്റും കണ്ടപ്പോൾ ഞാൻ ചുമ്മാ ഒന്നുരണ്ട്‌ പാട്ടുകൾ പാടി. ‘ഏനുണ്ടോടി അമ്പിളിച്ചന്തം’ എന്ന പാട്ട്‌ നന്നായെന്ന്‌ എല്ലാവരും പറഞ്ഞു. പത്താം ക്ലാസ്‌ കഴിഞ്ഞപ്പോൾ ഫോർട്ട്‌കൊച്ചിയിലെ എൻ.പി. രാമസ്വാമിയുടെ അടുക്കൽ പാട്ടുപഠിക്കാൻ പോയി. അതിനുശേഷം ബെംഗളൂരുവിലെ ഫയാസ് ഖാൻ തൃപ്പൂണിത്തുറയിലെ കോളേജിൽ നടത്തിയ ഹിന്ദുസ്ഥാനി സംഗീത ക്ലാസിലും ചേർന്നു. ഇപ്പോൾ കോവിഡ്കാലമായതിനാൽ ഓൺലൈനായാണ് ഹിന്ദുസ്ഥാനി പഠിക്കുന്നത്” - അൽക്ക പറഞ്ഞു.

മൈലാഞ്ചി മൊഞ്ചുള്ള പാട്ടുകൾ

പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന കാലത്ത് ‘മൈലാഞ്ചിക്കൈ ഒപ്പന’ എന്ന ആൽബത്തിൽ പാടിയാണ് അൽക്ക യാത്ര തുടങ്ങുന്നത്.

“അന്ന്‌ ചെറിയ പെരുന്നാളിനിറക്കിയ ആൽബത്തിൽ പാടാൻ അവസരം ലഭിച്ചപ്പോൾ വലിയ സന്തോഷം തോന്നി. ‘മൈലാഞ്ചിക്കൈ ഒപ്പന കൊട്ടി, മൊഞ്ചത്തിക്കൈ മക്കന ചുറ്റി’ എന്ന പാട്ടാണ് ഞാൻ ആദ്യം പാടിയത്. പിന്നീട് കുറേ പെരുന്നാൾ പാട്ടുകൾ പാടാൻ അവസരം കിട്ടി. കഴിഞ്ഞ കോവിഡ്കാലത്ത് നഷ്ടമായ പെരുന്നാളിനെപ്പറ്റി എഴുതിയ ആൽബത്തിലും നല്ലൊരു പാട്ടുപാടാൻ പറ്റി. ‘പത്തരമാറ്റിൻ പെരുന്നാളില്ല, പൂത്തിരി മത്താപ്പൂ കത്തിച്ചില്ല, പള്ളി മിനാരത്തിൽ തക്ബീറില്ല, പരിമളം വീശുന്നോരാ അത്തറുമില്ല’ എന്ന പാട്ട് ഏറെ ഹിറ്റായി. ഇത്തവണ പെരുന്നാളിന്‌ ‘ഈദിൻ നിലാവ്’ എന്ന പാട്ടാണ് പാടുന്നത്. ‘ശവ്വാലിൻ പൊൻപിറ കണ്ടു ഇതാഘോഷ രാവ്’ എന്ന പാട്ട്‌ എനിക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്” - അൽക്ക പറഞ്ഞു.

ഗസലിന്റെ കൂട്ടുകാരി

ഫോർട്ട്‌കൊച്ചിയിൽനിന്നുള്ള ഗായിക എന്ന മേൽവിലാസം അൽക്കയെ ഗസലിന്റെ വഴികളിലേക്കും കൂട്ടിക്കൊണ്ടുപോയി.

“സത്യത്തിൽ എനിക്ക്‌ ആദ്യം ഗസലുകളൊന്നും അറിയില്ലായിരുന്നു. ഗസൽ ഗായകൻ ഉമ്പായിക്ക മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിയിൽ പാടാൻ ക്ഷണം കിട്ടി. അന്ന്‌ മെഹ്ദി ഹസന്റെ ‘പ്യാർ ബരേ’ എന്ന ഗസൽ പാടി. കുറച്ചുദിവസം കഴിഞ്ഞ്‌ വീണ്ടും ഉമ്പായിക്കയുടെ മറ്റൊരു അനുസ്മരണ പരിപാടി വന്നപ്പോൾ ഞാൻ അതിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ ‘ഒരു നിളാതീരത്ത്’ എന്ന ഗസൽ പഠിച്ചു. അതും എല്ലാവർക്കും ഇഷ്ടമായി. മെഹ്ബൂബ് ഫൗണ്ടേഷന്റെ പരിപാടിയിൽ ശ്രീനിവാസ്, ഗായത്രി, സിത്താര തുടങ്ങിയവർക്കൊപ്പം പാടാൻ അവസരം ലഭിച്ചതോടെ ഗസൽ രംഗത്തും എനിക്ക്‌ നല്ലൊരു മേൽവിലാസം കിട്ടി. എറണാകുളം ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ട്രൂപ്പിലും ഇപ്പോൾ പാടുന്നുണ്ട്” - അൽക്ക പറഞ്ഞു.