കൊച്ചി: ബാങ്കിങ് സേവനം മാത്രമല്ല, അത്യാവശ്യ ഘട്ടത്തിൽ സഹകാരികൾക്കും നാട്ടുകാർക്കുമായി കോവിഡ് പ്രതിരോധ സേനയെ ഇറക്കിയിരിക്കുകയാണ് ഇടപ്പള്ളി സർവീസ് സഹകരണ സംഘം. ലോക്ഡൗണിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കിയാണ് 10 പേരടങ്ങുന്ന സേനയെ രംഗത്തിറക്കിയത്.

കോവിഡ് രോഗികൾക്ക് മെഡിക്കൽ സഹായം എത്തിച്ചു നൽകുക, അത്യാവശ്യമുള്ള രോഗികളെ ആശുപത്രിയിൽ എത്തിക്കുക, കോവിഡ് മുക്തരായവരുടെ വീടുകൾ സാനിറ്റൈസ് ചെയ്യുക, കോവിഡ് ബാധിച്ച് മരിക്കുന്നവരെ പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കുക തുടങ്ങി എന്ത് സേവനത്തിനും സംഘം റെഡി.

ഞായറാഴ്ചയാണ് കോവിഡ് പ്രതിരോധ സേനയുടെ പ്രവർത്തനം തുടങ്ങിയത്. സഹകരണ സംഘത്തിന്റെ ആംബുലൻസിൽ ഓക്സിജൻ സിലിൻഡർ ഇല്ലായിരുന്നു. ഞായറാഴ്ച ഇതുകൂടി സജ്ജീകരിച്ചു, കൂടെ ഓക്സി മീറ്ററും. ഇതോടെ ഓക്സിജൻ ആവശ്യമുള്ള ആരുടെയെങ്കിലും വിളിയെത്തിയാൽ ഇവർക്ക് അത്യാവശ്യം ഓക്സിജൻ എത്തിക്കാനും സംഘം വീട്ടിലെത്തും.

സംഘത്തിലെ ആറുപേർ പ്രത്യേക പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് വൊളന്റിയർമാരാണ്, ബാക്കിയുള്ള നാലുപേർ പൊതുപ്രവർത്തകരും. സ്വന്തമായി ജോലിയുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. എന്നാൽ, നാട് ആപത്ത്‌ നേരിടുന്ന സാഹചര്യത്തിൽ ഇതെല്ലാം മാറ്റിവെച്ച്‌ പൊതുസേവനം നടത്തുകയാണിവർ.

ബാങ്ക് പ്രസിഡന്റ് എൻ.എ. മണിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. നഗരത്തിലുള്ളവർക്ക് ഏതുസമയത്തും ബന്ധപ്പെടാം. ഒഴിവുള്ള പ്രവർത്തകരെ ഉടൻ ലഭ്യമാക്കും.

തിങ്കളാഴ്ച അഞ്ച്‌ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ചു, രണ്ടുപേരെ തിരികെ വീട്ടിലും. ഒരാളുടെ ശവസംസ്കാരച്ചടങ്ങും ഇവർ നടത്തി. പി.പി.ഇ. കിറ്റിനായി ചെലവാകുന്ന തുകയാണ് പ്രവർത്തനത്തിന് ആകെ വരുന്ന വെല്ലുവിളി. നിലവിൽ ആരുടെയും സഹായമില്ലാതെയാണ് മുന്നോട്ടു പോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായാൽ മറ്റു വഴി നോക്കാമെന്നാണ് ബാങ്ക് പ്രസിഡന്റ് എൻ.എ. മണി പറയുന്നത്.

ഇവരാണ് ആ പോരാളികൾ

ടി.ജി. രവികുമാർ, എം.യു. മുഹമ്മദ് ബഷീർ, കെ.ഐ. ജോസഫ്, ടി.ബി. രാമകൃഷ്ണൻ, സി.ഡി. ജിജു, അനീഷ് സോമൻ, പി.എ. അനസ്, പി.എസ്. അരവിന്ദ്, വിപിൻ, ഡെന്നി ജോർജ്‌.

വിളിക്കാം, സഹായം ഉറപ്പാണ്

98951 17127, 94476 09870, 93870 89987