ഡോ. ഹുസൈൻ രണ്ടത്താണിആദരവിന്റെ അടിസ്ഥാനം

മൃതദേഹത്തെ അനാദരിച്ചതിന് പോലീസുകാരനെ സസ്‌പെൻഡ്‌ ചെയ്തു എന്ന വാർത്ത വായിച്ചപ്പോൾ ഒരു ന്യൂജെൻ പയ്യന്റെ പ്രതികരണം: ‘‘വല്ല കാര്യവുമുണ്ടോ? ജീവിച്ചിരിക്കുന്നവരെ തന്നെ ആദരിക്കാൻ സമയം കിട്ടുന്നില്ല. എന്നിട്ടാണ് മരിച്ചവർ.’’ ആദരം ജീവനുള്ളവരോടും ഇല്ലാത്തവയോടും വേണം. ആദരത്തിന്റെ അടിസ്ഥാനം നിസ്വാർഥമായ സ്നേഹമാണ്. നാം സ്നേഹിക്കുന്ന ഒരാൾ മരണപ്പെട്ടാൽ അദ്ദേഹത്തോടും കുടുംബത്തോടും അദ്ദേഹത്തിന്റെ ശേഷിപ്പുകളോടുമൊക്കെ ആദരം തോന്നും. മരിച്ചുപോയ അച്ഛന്റെ കണ്ണട കിട്ടിയാൽ എത്ര ആദരത്തോടെയാണ് നമ്മളത് സൂക്ഷിക്കുക. ഉമ്മയുടെ തട്ടം നിലത്ത് കിടക്കുന്നത് കണ്ടാൽ നമ്മളതിനോട് ആദരം കാണിക്കും. നാം വായിക്കുന്ന വേദഗ്രന്ഥത്തിന് ജീവനുണ്ടോ? എന്നിട്ടും നാമതിനെ വന്ദിക്കുന്നു. ദേശീയ പതാകയെ വന്ദിക്കുന്നത് അതിന് ജീവനുള്ളതുകൊണ്ടല്ലല്ലോ. ഇതൊക്കെ മനുഷ്യന്റെ സാമൂഹികബോധത്തിന്റെ ഭാഗമാണ്. സാമൂഹികബോധമില്ലാത്തത് കൊണ്ടാണ് മൃതദേഹത്തെ അനാദരിക്കുന്നത്.

രക്തസാക്ഷികളെ ഏത് പ്രസ്ഥാനവും ആദരിക്കുന്നു. അവർ സമൂഹത്തിനുവേണ്ടി ജീവനർപ്പിച്ചതുകൊണ്ടാണത്. യുദ്ധത്തിൽ മരണപ്പെട്ടവർ മാത്രമല്ല രക്തസാക്ഷികൾ. ദൈവമാർഗത്തിൽ പ്രവർത്തിച്ച്‌ മരിച്ചവരൊക്കെ രക്തസാക്ഷികളാണ്. സാമൂഹിക സേവനത്തിനിടയ്ക്ക് മരിക്കുന്നവർ രക്തസാക്ഷികളാണ്. ഒരുത്തൻ മറ്റൊരുത്തനുവേണ്ടി മരിക്കാൻ തയ്യാറായാൽ അത് രക്തസാക്ഷിത്വമാണ്. നമ്മുടെ ആരോഗ്യപ്രവർത്തകർ ദൈവമാർഗത്തിൽ പ്രവർത്തിക്കുന്നവരാണ്. അവരുടെ മരണവും രക്തസാക്ഷിത്വമാണ്. ‘ദൈവമാർഗത്തിൽ കൊല്ലപ്പെടുന്നവർ മരിച്ചവരാണെന്ന് ധരിക്കരുത്. അവർ ദൈവത്തിന്റെ പക്കൽ ജീവിക്കുന്നവരാണ്. നാംതന്നെയാണ് അവർക്ക് അന്നം നൽകുന്നതും’(3/69). പകർച്ചവ്യാധി, തീപ്പിടിത്തം, മൃഗങ്ങളുടെയോ മർദകന്റെയോ ആക്രമണം എന്നിവ മൂലംമരിച്ചവരും രക്തസാക്ഷികളുടെ ഇനത്തിലാണ്. എന്തിന്, ഗർഭിണിയായ സ്ത്രീ മരിച്ചാലും അവർ രക്തസാക്ഷിയാണ് (മിർഖാത്, 4,25). ഒരാൾ ആരാധനാവേളയിൽ മരിച്ചുവെന്നിരിക്കട്ടെ; അയാളും രക്തസാക്ഷി തന്നെ. ആരാധന രണ്ട് വിധമുണ്ട്. ഒന്ന് വ്യക്തിപരമായത്- നിസ്‌കാരം നോമ്പ് തുടങ്ങിയവ. രണ്ട്: സമൂഹത്തിനുവേണ്ടി ചെയ്യുന്നത് അഥവാ സാമൂഹിക സേവനം. ‘മാനവസേവ മാധവ സേവ’ എന്നതിന്റെ പൊരുളും ഇതുതന്നെ. അതാണ് സേവനത്തിന്റെ ഇടയിൽ മരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് രക്തസാക്ഷിയുടെ സ്ഥാനം നൽകുന്നത്. രോഗിയായി കിടന്നപ്പോൾ സംരക്ഷിക്കാത്തവർ, വിശക്കുന്നവർക്ക് ആഹാരം നൽകാത്തവർ എന്നിവർക്ക് ദൈവം ശിക്ഷ വിധിച്ചിട്ടുണ്ട്. ‘ഭൂമിയിലുള്ളവർക്കൊക്കെയും കരുണ ചെയ്യൂ; എങ്കിൽ ആകാശാധിപതിയായ ദൈവം നിങ്ങളോടും കരുണ കാണിക്കും’ (മുഹമ്മദ് നബി).