തോപ്പുംപടി : കൊച്ചിയിൽ നിർമാണ മേഖലയിലുണ്ടായ മരവിപ്പ് ആയിരങ്ങളെ വലയ്ക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കുറച്ചുകാലമായി നിർമാണ മേഖലയിൽ മാന്ദ്യമാണ്.

സംസ്ഥാനത്തുതന്നെ ഏറ്റവുമധികം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് കൊച്ചി. ഒരു വർഷത്തോളമായി മേഖലയിൽ തളർച്ചയാണ്.

നഗരത്തിലേക്ക് ഏറ്റവും കൂടുതൽ നിർമാണ തൊഴിലാളികൾ എത്തുന്നത് കൊച്ചിയുടെ തീരമേഖലയിൽ നിന്നാണ്. നേരത്തെ മത്സ്യമേഖലയെ ആശ്രയിച്ചിരുന്ന തീരപ്രദേശത്തെ ചെറുപ്പക്കാർ കുറച്ചുകാലമായി കെട്ടിടനിർമാണ രംഗത്താണ് പ്രവർത്തിക്കുന്നത്.

സ്ഥിരമായി ജോലി ലഭിക്കുമെന്നതാണ് ഇവരെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ കാരണമായത്.

കൊച്ചിയിലെ ഫ്ളാറ്റ് നിർമാണവും മറ്റ് കെട്ടിട നിർമാണവുമൊക്കെ ധാരാളംപേർക്ക് തൊഴിൽ നൽകിയിരുന്നു.

കൊച്ചി തുറമുഖം, നാവികസേനാ ആസ്ഥാനം, ഫോർട്ടുകൊച്ചിയിലെ നാവികസേനാ കേന്ദ്രം, മട്ടാഞ്ചേരിയിലെ നിർമാണ പ്രവർത്തനങ്ങൾ, നഗരത്തിലെ കെട്ടിട നിർമാണങ്ങൾ എന്നിവയൊക്കെ തീരമേഖലയിലെ ചെറുപ്പക്കാർക്ക് വലിയരീതിയിൽ തൊഴിൽ നൽകിവരികയായിരുന്നു.

വിദഗ്ദ്ധ തൊഴിലാളികൾക്കും പണിയില്ല

നിർമാണ മേഖലയിൽ ജോലിചെയ്യുന്ന കൽപ്പണിക്കാർ, മരപ്പണിക്കാർ, ടൈൽ പണിക്കാർ, പ്ലംബർമാർ, ഇലക്‌ട്രീഷ്യന്മാർ, പെയിന്റർമാർ തുടങ്ങിയവർക്കും ജോലിയില്ലാത്ത സ്ഥിതിയാണ്. തീരമേഖലയിൽ നൂറുകണക്കിന് വിദഗ്ദ്ധ തൊഴിലാളികളുണ്ട്.

തൊഴിൽ കുറഞ്ഞത് മാത്രമല്ല പ്രശ്നം, ചിലർക്ക് ജോലിക്ക് പോകാനുമാകുന്നില്ല.

ലോക്ഡൗണിനെ തുടർന്ന് പൊതുഗതാഗത സൗകര്യങ്ങൾ പാടേ ഇല്ലാതായി. സ്വന്തമായി വാഹനങ്ങളുള്ളവർക്കും ലോക്ഡൗൺ നിയന്ത്രണമുള്ളതിനാൽ യാത്ര ചെയ്യാനാവാത്ത സ്ഥിതിയുമാണ്.

ചെല്ലാനം, കണ്ണമാലി, മുണ്ടംവേലി, പള്ളുരുത്തി, എഴുപുന്ന മേഖലകളിലാണ് വിദഗ്ദ്ധ തൊഴിലാളികൾ കൂടുതലുള്ളത്.

നിർമാണ വസ്തുക്കൾക്ക് ക്ഷാമം

നിർമാണ വസ്തുക്കൾക്കുണ്ടായ ക്ഷാമം കുറച്ചുനാളായി നിർമാണ മേഖലയെ വലയ്ക്കുന്നുണ്ട്. അതിനിടയിലാണ് കോവിഡ് പിടിമുറുക്കിയത്. ഏറ്റവും ഒടുവിൽ കടകളൊക്കെ അടയ്ക്കുകയും ചെയ്തു.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവാദമുള്ളു. നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കില്ല. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജോലിചെയ്യാൻ കഴിയാതെ വരുന്നതും പ്രശ്നമാകുകയാണ്.

ക്ഷേമനിധി ആനുകൂല്യമില്ല

കോവിഡ്കാലത്ത് നിർമാണ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ പലതരത്തിലുള്ള തടസ്സങ്ങളുണ്ടാകുന്നുണ്ട്.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, യാത്രയ്ക്കും തടസ്സങ്ങളായി. ജോലിചെയ്യാൻ കഴിയാത്തവർക്ക് ക്ഷേമനിധിയിൽനിന്ന് പ്രത്യേക ആനുകൂല്യമൊന്നുമില്ല.

ചെറുകിട നിർമാണത്തിനും തടസ്സം

ചെറുതും വലുതുമായ വീടുകളുടെ നിർമാണവും നടക്കുന്നില്ല.

കോവിഡിന്റെ പ്രശ്നങ്ങൾ ഇവരെയും ബാധിക്കുകയാണ്.

സാമ്പത്തിക പ്രശ്നങ്ങളാണ് ചെറുകിട നിർമാണത്തെ ബാധിച്ചത്.

സർക്കാരിന്റെ വീട് നിർമാണ പദ്ധതിവഴി വീട് നിർമിക്കുന്നവർക്ക് പണം കിട്ടാനുള്ള താമസവും പ്രശ്നമാകുന്നു.

തൊഴിലാളികൾക്ക് സഹായം എത്തിക്കണം

കോവിഡ് വ്യാപനം നൂറുകണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും കഷ്ടത്തിലാക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് രൂപപ്പെടുത്തണമെന്ന് കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കൊച്ചി മേഖലാ പ്രസിഡന്റ് കെ.ജെ. ആന്റണി ആവശ്യപ്പെട്ടു.

മഴക്കാലം വരുമ്പോൾ അവർക്ക് തൊഴിൽ തീരെ ഇല്ലാതാകും. ഇതുകൂടി മുന്നിൽക്കണ്ട് സഹായം നൽകാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൊഴിലാളികൾക്ക് സഹായം നൽകാൻ നടപടി വേണമെന്ന് ഓൾ കേരള സ്കിൽഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളുരുത്തി സുബൈർ ആവശ്യപ്പെട്ടു. അവരെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.