തോപ്പുംപടി : കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ വാക്സിനുവേണ്ടി തിരക്ക്. തിങ്കളാഴ്ച പുലർച്ചെ നാലിനുതന്നെ ഒട്ടേറെ പേർ ആശുപത്രിക്ക് മുന്നിലെത്തി. രാവിലെ എട്ട് മുതൽ ഇവിടെനിന്ന് വാക്സിൻ ലഭിക്കുമെന്നറിഞ്ഞാണ് ആളുകൾ പുലർച്ചെ മുതൽ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്.

ആ സമയം മുതൽ ആളുകൾ ആശുപത്രിക്ക് മുന്നിൽ ക്യൂ നിന്നു. രാവിലെ ഏഴായപ്പോൾ നിര ആശുപത്രി വളപ്പിന് പുറത്തേക്കും നീണ്ടു. ആകെ 200 പേർക്ക് വാക്സിൻ നൽകുമെന്നാണ് പറഞ്ഞിരുന്നത്. അതിന്റെ മൂന്നിരട്ടി ആളുകളാണ് ആശുപത്രി വളപ്പിലെത്തിയത്. ടോക്കൺ ലഭിക്കുന്നതിന് ക്യൂ നിന്ന നിരവധി പേർ പിന്നീട് നിരാശരായി മടങ്ങി. എത്തിയവരിൽ ഭൂരിപക്ഷവും മുതിർന്ന പൗരന്മാരായിരുന്നു.

ആദ്യ ഡോസ് എടുത്ത് രണ്ടാം ഡോസിനായി കാത്തുനിൽക്കുന്നവരാണ് ആശുപത്രിയിലെത്തിയത്.

രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർ അതത് വാർഡ് കൗൺസിലർമാരെ ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്ന് സർക്കാരും നഗരസഭയും ആവർത്തിച്ച് നിർദേശിച്ചിട്ടും ആളുകൾ ആശുപത്രികളിലേക്ക് എത്തുന്നതാണ് പ്രശ്നമാകുന്നത്. ആരോഗ്യപ്രവർത്തകരെയും വിവരം അറിയിക്കാം. മുതിർന്ന പൗരൻമാർ ഒരു കാരണവശാലും വാക്സിനേഷന് ആശുപത്രിയിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. കൗൺസിലറെ ബന്ധപ്പെട്ട് വിവരങ്ങൾ നൽകിയാൽ ഊഴമനുസരിച്ച് വാക്സിൻ ലഭിക്കും. ആദ്യ ഡോസ് എടുത്ത ദിവസം കണക്കാക്കി, രണ്ടാം ഡോസ് നൽകുന്നതിന് നടപടിയുണ്ടാകുമെന്ന് സർക്കാർതന്നെ അറിയിച്ചിട്ടുണ്ട്. നിർദേശങ്ങൾ അനുസരിക്കാതെ ആളുകൾ കൂട്ടത്തോടെ വാക്സിൻ കേന്ദ്രത്തിലേക്ക് പോകുന്നത് വലിയ പ്രശ്നങ്ങൾക്ക്‌ ഇടവരുത്തും. അതേസമയം, എല്ലാ വാർഡുകളിലും ജനങ്ങളെ കാര്യങ്ങൾ അറിയിക്കുന്നതിന് സംവിധാനമില്ലാത്തതും പ്രശ്നമാകുന്നുണ്ട്. മുതിർന്ന പൗരന്മാരാണ് ഏറെ വലയുന്നത്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാത്തതിനാൽ ഇവരിൽ ഭൂരിപക്ഷം പേർക്കും കാര്യങ്ങൾ അറിയാനാകുന്നില്ല. വാക്സിനേഷൻ കേന്ദ്രങ്ങളിലെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിന് നടപടി വേണമെന്ന് ആവശ്യമുയരുകയാണ്.