എടയ്ക്കാട്ടുവയൽ : എടയ്ക്കാട്ടുവയൽ പഞ്ചായത്ത്‌ 10-ാം വാർഡ് കുടുംബശ്രീ എ.ഡി.എസ്. നേതൃത്വത്തിൽ വാർഡിലെ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമായി ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുനൽകി. വാർഡിലെ വിവിധ ജെ.എൽ.ജി.കൾ കൃഷിചെയ്ത പച്ചക്കറികൾ, നെല്ല് കുത്തിയ അരി, മറ്റു നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയാണ് വാർഡംഗം ലിസി സണ്ണിയുടെ നേതൃത്വത്തിൽ ശേഖരിച്ച് വിതരണം ചെയ്തത്.

എ.ഡി.എസ്. ചെയർപേഴ്‌സൺ സുധ മോഹൻ, സി.ഡി.എസ്. അംഗം ബിനി രമണൻ, എ.ഡി.എസ്. സെക്രട്ടറി ബിജി റെജി, വൈസ് പ്രസിഡന്റ് മായ ജയൻ, ബിന്ദു സത്യൻ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചേർന്ന് കോവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വീടുകളിൽ എത്തിച്ചുനൽകുകയായിരുന്നു.