കൊച്ചി: ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലി കളഞ്ഞ് കളിമൺപാത്ര നിർമാണത്തിലേക്ക് കടന്നുവന്ന സ്ത്രീ. സാമ്പത്തിക താത്പര്യങ്ങൾക്കപ്പുറത്തേക്ക്‌ സാമൂഹിക ഉത്തരവാദിത്വങ്ങളെക്കുറിച്ച്‌ ബോധ്യമുള്ള വ്യക്തിയാണ് പ്രജിത മോഹനെന്ന സംരംഭക. പ്രകൃതിയോടിണങ്ങിയ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ്‌ പ്രജിത തന്റെ ഓർഗാനിക് ഉത്പന്നമായ കറുത്ത മൺപാത്രങ്ങളിലൂടെ.

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിലെ ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലിയാണ് തന്റെ സംരംഭത്തിനായി ഇവർ ഉപേക്ഷിച്ചത്. കോർപ്പറേറ്റ് ജോലിക്കപ്പുറം വേറിട്ടെന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ‘ബ്ലാക്ക് പേൾ ഡോട്ട ഏഷ്യ’ എന്ന സ്റ്റാർട്ടപ്പ് പിറക്കുന്നത്. ജോലിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജീവിച്ച പ്രജിത തെലങ്കാനയിലെ നിസാമാബാദിൽ കളിമൺപാത്ര നിർമാണം നടത്തുന്ന പാവപ്പെട്ട മനുഷ്യരെ കാണുന്നതങ്ങനെയാണ്. സുഹൃത്തായ നിഷി റായിയും സഹായിയായി. തികച്ചും സാധാരണക്കാരായ ഇവിടത്തെ സ്ത്രീജീവനക്കാർക്ക് ജോലിയോടൊപ്പം പെൺമക്കളെ പഠിപ്പിക്കാനുള്ള സൗകര്യവും പ്രജിത ഒരുക്കിക്കൊടുക്കുന്നു. പുതിയൊരു സംരംഭത്തിനിറങ്ങുമ്പോൾ ഒരുപാട് ലക്ഷ്യങ്ങൾ പ്രജിതയ്ക്ക് മുന്നിലുണ്ടായിരുന്നു. കഴിക്കുന്ന ഭക്ഷണം മാത്രമല്ല, കഴിക്കുന്ന പാത്രവും വിഷരഹിതമാകണമെന്ന് പ്രജിത പറയുന്നു.

ബ്ലാക്ക്‌ പേളിന്റെ കഥ

പരമ്പരാഗത മൺപാത്ര നിർമാതാക്കളെ കണ്ടെത്തിയാണ് ‘ബ്ലാക്ക് പേളി’ന്റെ യൂണിറ്റ് തുടങ്ങിയത്. സാധാരണ കളിമൺ പാത്രങ്ങളുടെ പോരായ്മകളും നികത്തി അന്താരാഷ്ട്ര നിലവാരത്തിൽ പ്രകൃതിദത്തമായ മൺപാത്രങ്ങൾ ഇവർ ഒരുക്കുന്നു. ഒരു സെറ്റ് പാത്രങ്ങളുണ്ടാക്കാൻ 45 ദിവസം വേണം. കൈ കൊണ്ടു നിർമിക്കുന്ന ഈ പാത്രങ്ങൾക്ക്‌ ഗുണങ്ങളേറെയുണ്ടെന്നും പ്രജിത പറയുന്നു. ബ്ലാക്ക് പേൾ എന്ന സംരംഭം 100 ശതമാനവും ഓർഗാനിക് ആയ, എന്നാൽ ഭംഗിയായി അണിയിച്ചൊരുക്കിയ കറുത്ത മൺപാത്രങ്ങളാണ്‌ വിപണിയിലെത്തിക്കുന്നത്. പരമ്പരാഗത ഉത്പന്നങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെത്തുന്നത് ലോകോത്തര നിലവാരത്തിലാണ്.

മാറി ചിന്തിക്കാനുള്ള മനസ്സാണ് തന്നെ കംഫർട്ട് സോണിന് വെളിയിൽ കൊണ്ടുവന്നതെന്ന് പ്രജിതയുടെ പക്ഷം. ജീവനക്കാരെ നേരിട്ട് സന്ദർശിച്ചാണ് ഓർഡറുകൾ പൂർത്തിയാക്കുന്നത്. അവിടത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് സ്ഥിര വരുമാനം കൂടി നൽകുകയാണ് പ്രജിതയുടെ സംരംഭം. എയർ വിങ് കമാൻഡറായ ഭർത്താവ് വി. കൃഷ്ണകുമാറിനൊപ്പം ബെംഗളൂരുവിലാണ് താമസം. പ്രണവും കൃപയുമാണ് മക്കൾ.