: ലോക്ഡൗണിൽ രോഗികൾക്കും അഗതികൾക്കും അരികിലേക്ക്‌ സ്നേഹപ്പൊതികളുമായി പാഞ്ഞെത്തിയ ഒരുകൂട്ടർ. എല്ലാവരും ലോക്കായി വീട്ടിലിരുന്നപ്പോൾ സേവനത്തിലൂടെ ചെറുവരുമാനം കൂടിയാണ്‌ ‘ടുക്സി’ ഓട്ടോ ഡ്രൈവർമാർ സ്വന്തമാക്കിയത്. കോർപ്പറേഷന്റെ സമൂഹ അടുക്കളയിൽനിന്നുള്ള ഭക്ഷണപ്പൊതികൾ എത്തിച്ച് ഇവർ സേവനത്തിന്റെ പുതുപ്രതീകങ്ങളായി. ഉപജീവന മാർഗം നഷ്ടപ്പെട്ടു ദുരിതമനുഭവിക്കുന്നവർക്കായി 25,000-ത്തിലധികം ഭക്ഷ്യ പാക്കറ്റുകളും 4000-ത്തിലധികം അവശ്യ കിറ്റുകളുമാണ് ടുക്സി ഓട്ടോകൾ വിതരണം ചെയ്തത്.

കഴിഞ്ഞ വർഷം കോവിഡ് വ്യാപന തീവ്രത ഏറിയതോടെ വരുമാനമില്ലാതായ ഓട്ടോ ഡ്രൈവർമാരെ പിന്തുണയ്ക്കാനാണ്‌ ടുക്സി പ്രവർത്തനം ആരംഭിച്ചത്.

കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതോടെ വീണ്ടും ഓട്ടോകൾ ഷെഡ്ഡിൽ കയറി. ഈ സമയത്താണ്‌ ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും കോവിഡ് ബാധിതർക്കുമായി കമ്യൂണിറ്റി കിച്ചണിൽനിന്ന്‌ ഭക്ഷണമെത്തിക്കാൻ കൊച്ചി കോർപ്പറേഷൻ വാഹനങ്ങൾ അന്വേഷിച്ചു തുടങ്ങിയത്. ടുക്സിയിൽ രജിസ്റ്റർ ചെയ്ത ഡ്രൈവർമാരിൽ ഭൂരിഭാഗവും ഇതിനു തയ്യാറായി. അങ്ങനെ കോർപ്പറേഷനുമായി ചേർന്ന്‌ ടുക്സി പുതിയൊരു വഴി തുറന്നു.

ഓരോ യാത്രയിലും 250 പാക്കേജുകൾ വീതം ദിവസത്തിൽ രണ്ടുതവണ അവർ ഭക്ഷണമെത്തിക്കുന്നു. കോർപ്പറേഷനിൽനിന്ന്‌ ഡ്രൈവർമാർക്ക്‌ പ്രത്യേക യാത്രാ പാസുകളും നൽകി. ഓരോ യാത്രയ്ക്കും, ഓട്ടോ സഞ്ചരിച്ച കിലോമീറ്റർ അടിസ്ഥാനമാക്കി ടുക്സി ഡ്രൈവർമാർക്ക്‌ ന്യായമായ ചാർജുകൾ നൽകും. അങ്ങനെ ഡ്രൈവർമാർക്ക്‌ സ്ഥിര വരുമാനവും ഉറപ്പായി. ഭക്ഷണ സാധനങ്ങൾക്കൊപ്പം മരുന്നുകളും ടുക്സിയിലൂടെ വീട്ടിലെത്തിക്കുന്നുണ്ട്.

‘ടുക്സി’ എന്നാൽ

ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്‌ അപ്പ് കമ്പനിയാണ് ‘ടുക്സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’. ഒരു സി.എസ്.ആർ. സംരംഭമായാണ് തുടക്കം. തുടർന്ന് കമ്പനി റൈഡ് ഹെയ്‌ലിങ്‌ ആപ്ലിക്കേഷനായ ടുക്സി വികസിപ്പിച്ചെടുത്തു. ഏകദേശം അഞ്ഞൂറിലധികം ഓട്ടോ ഡ്രൈവർമാർ ടുക്സിയുടെ ഭാഗമാണ്.

മീറ്റർ ചാർജും ബുക്കിങ് ചാർജും മാത്രം

സർക്കാർ അംഗീകൃത മീറ്റർ ചാർജുകളും 10 രൂപ നിശ്ചിത ബുക്കിങ്‌ ഫീസും മാത്രമാണ്‌ യാത്രക്കാർ നൽകേണ്ടത്. ബുക്കിങ് ഫീസിൽനിന്ന് നിശ്ചിത ശതമാനം കമ്പനിയിലേക്കും ബാക്കി ഡ്രൈവർമാർക്ക് അധിക വരുമാനമായും പോകുന്നു. മറ്റ് സർവീസുകളിലെപ്പോലെ സെർച്ച് നിരക്ക്, സർജ് എന്നീ അധിക നിരക്കുകൾ ടുക്സിയിലില്ല. റൈഡ് ലൊക്കേറ്റിങ് ആപ്ലിക്കേഷനു പുറമെ, പരമ്പരാഗത ഓട്ടോ സർവീസുകളെയും ഓൺലൈൻ ഓട്ടോ-ടാക്സി സർവീസുകളെയും ഏകീകരിച്ചാണ്‌ ടുക്സിയുടെ പ്രവർത്തനം. ഓട്ടോ സ്റ്റാൻഡ് എവിടെയാണെന്നുള്ള വിവരവും ടുക്സി നൽകും.

അടുത്ത ലക്ഷ്യം ഓട്ടോ ആംബുലൻസ്

ടുക്സിയിൽ രജിസ്റ്റർ ചെയ്ത ഡ്രൈവർമാരോട്‌ ഞങ്ങൾക്ക് ഉത്തരവാദിത്വങ്ങളുണ്ട്. അതേ ചിന്തയിലാണ് ഞങ്ങൾ സാമൂഹിക പ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കിയത്. അതുവഴി അവർക്ക് ന്യായമായ വരുമാനം നൽകാനും കഴിയും. ഇപ്പോൾ കൊച്ചി നഗരത്തിൽ മാത്രമാണ്‌ ടുക്സിയുടെ സേവനം, അതു കൂടുതൽ വിപുലമാക്കാൻ പ്ലാനുണ്ട്.

രോഗികളെ ആശുപത്രിയിലേക്കും വീട്ടിലേക്കും എത്തിക്കാനായി ‘ഓട്ടോ ആംബുലൻസ്‌’ ആണ് അടുത്ത ലക്ഷ്യം. അതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്, ഉടനെ തന്നെ പദ്ധതി ആരംഭിക്കാനുള്ള ശ്രമത്തിലാണ്

- അർജുൻ തമ്പി, ടുക്സി സംരംഭകൻ