കൊച്ചി: കറുപ്പ് ഒരു പ്രതിരോധവും രാഷ്ട്രീയവുമാണ് ഈ ചിത്രങ്ങളിൽ. അത്രയേറെ തീക്ഷ്ണതയോടെ കറുപ്പിന്റെ വിവിധ ഭാവങ്ങളിലൂടെ ചിത്രങ്ങൾ കടന്നുപോകുന്നു. കറുപ്പ് വെറും നിറം മാത്രമല്ല, നിലപാട് കൂടിയാണെന്ന്‌ ചിത്രങ്ങളിലൂടെ ലോകത്തോട്‌ വിളിച്ചുപറയുകയാണ് കൃഷ്ണപ്രിയ എന്ന 20-കാരി. ഇരുണ്ട നിറത്തിന്റെ പേരിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടവർക്ക്‌ പ്രചോദനവുമാണ് കൃഷ്ണപ്രിയയുടെ ‘കാപ്പികോ’ എന്ന ഇൻസ്റ്റഗ്രാം പേജ്. ഈ പേജിൽ കൃഷ്ണപ്രിയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഏറെ കാഴ്ചക്കാരുണ്ട്. കുറച്ച് ചിത്രങ്ങളേ കൃഷ്ണപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളു. ചുരുങ്ങിയ കാലംകൊണ്ട് അര ലക്ഷത്തോളം ഫോളോവേഴ്‌സിനെ നേടിയത് ചിത്രങ്ങൾ പറയുന്ന കറുപ്പിന്റെ രാഷ്ട്രീയം കൊണ്ടുകൂടിയാണ്.

തുടക്കം വ്യത്യസ്തതയ്ക്കു വേണ്ടി

എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ ബി.കോം. വിദ്യാർഥിനിയാണ് കൃഷ്ണപ്രിയ. രണ്ടു വർഷം മുമ്പ്‌ കൗതുകത്തിനാണ് ഇൻസ്റ്റയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പുല്ലും പൂക്കളും മരവുമൊക്കെയായിരുന്നു തുടക്കം. കറുപ്പിലും ഇളം നിറങ്ങളിലും എടുത്ത ചിത്രങ്ങൾ നല്ലതാണെന്ന്‌ കൂട്ടുകാരാണ് ആദ്യം പറഞ്ഞത്. കൂടുതൽ ചിത്രങ്ങളെടുക്കാനും അവർ പ്രോത്സാഹിപ്പിച്ചു. കുറേ ചിത്രങ്ങൾ അവർ തന്നെ എടുത്തുതന്നു. ഫൊട്ടോഗ്രഫിയോടും മോഡലിങ്ങിനോടും ഇഷ്ടമുണ്ടെന്നതിൽ കവിഞ്ഞ് മറ്റൊരു രാഷ്ട്രീയവും താത്പര്യവും അന്നില്ലായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ്‌ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ എടുത്തു തുടങ്ങിയത്. ചിത്രങ്ങൾക്ക്‌ സ്വീകാര്യത കൂടിയതോടെയാണ്‌ സംഭവം സീരിയസായതെന്ന്‌ കൃഷ്ണപ്രിയ പറയുന്നു.

കാപ്പികോ പേജ്

‘‘ചെറുപ്പം മുതലേ കറുത്ത നിറത്തിന്റെ പേരിൽ കളിയാക്കലുകൾ കേട്ടിട്ടുണ്ട്. സമൂഹത്തിന്റെ സ്വാഭാവിക പ്രതികരണം എന്നേ കരുതിയിരുന്നുള്ളു. പക്ഷേ, നിരവധി പേർ ചിത്രങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ്‌ നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടവർ ഒരുപാടുപേരുണ്ടെന്ന്‌ മനസ്സിലായത്. അവരോടുള്ള ഐക്യപ്പെടലായി എന്റെ ചിത്രങ്ങൾ ഞാനറിയാതെ തന്നെ മാറുകയായിരുന്നു. കറുപ്പിലും ഇരുളിലും നിറയുന്ന എന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി ‘കാപ്പികോ’ എന്ന പേരിൽ ഇൻസ്റ്റ അക്കൗണ്ടിലേക്ക് മാറുന്നത് അങ്ങനെയാണ്. ബ്ളാക്ക് ആൻഡ് വൈറ്റ് ഷേഡുകളിലെടുത്ത ചിത്രങ്ങളാണ്‌ കൂടുതൽ. റീലുകളിലും ഹൈലൈറ്റ്‌സിലും കളർ ചിത്രങ്ങളുമുണ്ട്. പൂർണിമ ഇന്ദ്രജിത്ത് അടക്കം നിരവധി പേർ വിളിച്ച് അഭിനന്ദിച്ചു’’.

മോഡലിങ്ങിനെ ഗൗരവത്തോടെ കാണാനാണ്‌ തീരുമാനമെന്ന് കൃഷ്ണപ്രിയ പറയുന്നു. തന്റെ ചിത്രങ്ങൾ കണ്ട് ആത്മവിശ്വാസം കിട്ടിയെന്ന്‌ കുറച്ചുപേരെങ്കിലും പറയുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് കൃഷ്ണപ്രിയയുടെ വാക്കുകൾ. വൈറ്റില തിലകൻ-സേതുലക്ഷ്മി ദമ്പതിമാരുടെ മകളാണ്.