കൊച്ചി: ഈ കുഴിക്ക് ഒരു വയസ്സാണ് പ്രായം. പക്ഷേ, കുഴി മൂടാൻ സമയമായിട്ടില്ല എന്ന നിലപാടാണ് അധികൃതരുടേത്. ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ.) യുടെ കീഴിലുള്ള ആകെയുള്ള റോഡായ കലൂർ-കടവന്ത്ര റോഡെന്ന കെ.കെ. റോഡിലാണ്‌ കുഴി. വ്യാഴാഴ്ച ഈ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. യാത്രക്കാരൻ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യു.വിൽ ചികിത്സയിലാണ്.

കലൂരിൽനിന്ന് കടവന്ത്ര ഭാഗത്തേക്കു പോകുമ്പോൾ കതൃക്കടവ് പാലം എത്തുന്നതിനു മുമ്പ് സെയ്ന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിക്കു മുന്നിലുള്ള റോഡിൽ കോൺക്രീറ്റ് കട്ട വിരിച്ച ഭാഗത്താണ് കുഴി. കോൺക്രീറ്റ് കട്ട് നടുവേ ഒടിഞ്ഞാണ് കുഴി രൂപപ്പെട്ടത്.

കട്ട വിരിച്ച ഭാഗത്തായതിനാൽ ഒറ്റനോട്ടത്തിൽ കുഴിയുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. സ്ഥിരം യാത്രക്കാർ കുഴിയുണ്ടെന്ന് തിരിച്ചറിഞ്ഞ് വാഹനത്തിന്റെ വേഗം കുറയ്ക്കും. എന്നാൽ ഇതറിയാത്തവർ കുഴിയിൽ വീഴും. ഇരുചക്ര വാഹനങ്ങൾ മറിയും. രാത്രി സമയത്ത്‌ നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ രാത്രിയിൽ റോഡിലെടുത്തുവെക്കുന്ന ട്രാഫിക്‌ കോൺ ആണ് അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കുന്നത്.

നിരന്തരമായ പരാതിയെ തുടർന്ന് ഡിവിഷൻ കൗൺസിലർ ജി.സി.ഡി.എ.യെ സമീപിച്ചു. എന്നാൽ ജി.സി.ഡി.എ.യുടെ നിലപാട് റോഡ് അറ്റകുറ്റപ്പണിക്കായി ടെൻഡർ വിളിച്ചെങ്കിലും ആരും ഇത് ഏറ്റെടുത്തിട്ടില്ല എന്നാണ്. എന്നാൽ കുഴിയടയ്ക്കുക എന്നത് നിസ്സാര ജോലിയാണ്‌. മുൻകൂർ അനുമതി നൽകി ഇതു ചെയ്യാം. എന്നാൽ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ജി.സി.ഡി.എ. ഒഴിഞ്ഞുമാറുകയാണ് എന്നാണ് കൗൺസിലറുടെ ആരോപണം. കോർപ്പറേഷൻ റോഡ് അല്ലാത്തതിനാൽ കൗൺസിലർക്ക് ഇടപെടാനാകില്ല. പക്ഷേ, റോഡ് കോർപ്പറേഷന്റേതെന്നു കരുതി ജനങ്ങൾ പരാതി പറയുന്നത് കൗൺസിലറോടാണ്.

നിരവധി തവണ പരാതി നൽകി

ജി.സി.ഡി.എ. ചെയർമാനും സെക്രട്ടറിക്കും രേഖാമൂലവും അല്ലാതെയും കഴിഞ്ഞ ഒരു വർഷമായി നിരവധി തവണ പരാതി നൽകി. ഉടനെ ശരിയാക്കാമെന്നായിരുന്നു മറുപടി. ജി.സി.ഡി.എ. ചെയർമാനും സെക്രട്ടറിയും സഞ്ചരിക്കുന്ന റോഡിലാണ് കുഴി രൂപപ്പെട്ടിട്ടുള്ളത്. അവർക്ക് നേരിട്ടറിയാവുന്നതാണ് പ്രശ്നം.

- എം.ജി. അരിസ്റ്റോട്ടിൽ

കോർപ്പറേഷൻ കൗൺസിലർ

ഉടൻ കുഴിയടയ്ക്കും

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ ടെൻഡർ നടപടികൾ നടത്താൻ കഴിയാത്ത സ്ഥിതി വന്നു. പിന്നീട് ഈ പ്രശ്നം മാറിയപ്പോൾ ലോക്ഡൗൺ എത്തി. ഇതോടെ പണിക്കാരെ കിട്ടാത്ത സ്ഥിതിയായി. നിലവിലെ സാഹചര്യത്തിൽ ലിമിറ്റഡ് ടെൻഡർ വിളിച്ച് അടിയന്തരമായി കുഴിയടയ്ക്കാനാണ് തീരുമാനം. ഞായറാഴ്ചയ്ക്കകം കുഴിയടയ്ക്കും.

-വി. സലീം

ജി.സി.ഡി.എ. ചെയർമാൻ