പള്ളിപ്പുറം : ഒരുമാസത്തിനുശേഷം വൈക്കം-തവണക്കടവ് ഫെറിയിൽ ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടുകൾ സർവീസ് പുനരാരംഭിച്ചു. വ്യാഴാഴ്ചമുതലാണ് രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയുള്ള സമയക്രമത്തിൽ ബോട്ടുകൾ ഓടാൻതുടങ്ങിയത്. ഇതോടെ വൈക്കം, കോട്ടയം ഭാഗത്തേക്കുള്ള അവശ്യയാത്രക്കാരുടെ ബണ്ടുചുറ്റിയുള്ള ദുരിതയാത്രയ്ക്ക് അവസാനമായി. തിരികെ കോട്ടയം ജില്ലയിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി താലൂക്കിലേക്കു വന്നിരുന്നവർക്കും സർവീസ് അനുഗ്രഹമായി.

കോവിഡിനു മുൻപ് ആയിരക്കണക്കിനാളുകളാണ് ഫെറിവഴി കടന്നുപോയിരുന്നത്. എന്നാൽ, വ്യാഴാഴ്ച സർവീസുകൾ പുനരാരംഭിച്ചപ്പോൾ ഓരോ സർവീസിലും പത്തിൽത്താഴെ മാത്രമായിരുന്നു യാത്രക്കാർ. പലരും സർവീസ് ആരംഭിച്ച വിവരം അറിഞ്ഞില്ല എന്നതായിരുന്നു ഇതിനുകാരണം. കോവിഡ് രണ്ടാംഘട്ടത്തിൽ പൊതുഗതാഗതത്തിനു പൂട്ടുവീണപ്പോഴാണ് ജലഗതാഗതവും നിർത്തിവെച്ചത്. മാർച്ചിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കായി മാത്രം പ്രത്യേക സർവീസ് നടത്തിയിരുന്നു.

ഫെറി നിർത്തവെച്ചതോടെ അവശ്യമേഖലകളിൽ പ്രവർത്തിച്ചിരുന്നവർ തണ്ണീർമുക്കം ബണ്ടുചുറ്റിയാണ് യാത്രചെയ്തിരുന്നത്. ഇന്ധനവിലയിലെ വർധനയും 30 കിലോമീറ്ററോളം ചുറ്റിയുള്ള യാത്രയും ഇവർക്കു ദുരിതമായി. ഫെറി പുനരാരംഭിച്ചതോടെ ഇതിനു പരിഹാരമായി. ലോക്‌ഡൗൺ ഇളവുകൾ പൂർണമാകാത്തതിനാൽ സർവീസിനും നിയന്ത്രണമുണ്ട്. തിരക്കേറിയ രാവിലെയും വൈകീട്ടും ഇടവേളസമയം അധികമില്ലാതെ ഇരുഫെറികളിൽനിന്നും സർവീസുണ്ടാകും.

ബോട്ടിന്റെ സമയക്രമം

: തവണക്കടവിൽനിന്ന് രാവിലെ 7.20, 8.00, 9.00, 9.40, 10.20, ഉച്ചയ്ക്ക് 12.20, 1.20, വൈകീട്ട് 4.30, 5.20, 6.00, 6.40

: വൈക്കത്തുനിന്ന് രാവിലെ 7.00, 7.40, 8.30, 9.20,10.00, ഉച്ചയ്ക്ക് 12.00, 1.00, വൈകീട്ട് 4.00, 5.00, 5.40, 6.20ബണ്ടുചുറ്റിയുള്ള ദുരിതയാത്രയ്ക്ക് അറുതി