കാക്കനാട് : തുതിയൂർ ആദർശ റോഡിന് സമീപത്താണ് കെ.എസ്.ഇ.ബി.യുടെ 220 കെ.വി. സ്വിച്ച് യാർഡ്. ഇതിനു താഴെ വലിയ വെള്ളക്കെട്ടുമുണ്ട്. ആവശ്യത്തിന് മീനും. അപ്പോൾപ്പിന്നെ ചൂണ്ടയുമായി ആളുകൾ എത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. എന്നാൽ, വലിയൊരു അപകടമാണ് തലയ്ക്കു മുകളിലെന്നത് കണക്കിലെടുക്കാതെ നിരവധി കുട്ടികളടക്കം മീൻപിടിക്കാനെത്തുന്ന ഇവിടെ ഒരു സുരക്ഷാ മുന്നറിയിപ്പുപോലുമില്ല.

ഉഗ്രശേഷിയുള്ള വൈദ്യുതിലൈൻ ആയതിനാൽ നാട്ടുകാരും ഇവിടത്തെ മീൻപിടിത്തത്തിൽ ആശങ്ക അറിയിക്കുന്നുണ്ട്. കുട്ടികളോട് ഇങ്ങോട്ട് മീൻ പിടിക്കാൻ പോവരുതെന്ന് മുതിർന്നവർ വിലക്കിയാലും പ്രയോജനമൊന്നുമില്ല. വൈദ്യുതിലൈനിന്റെ ശേഷിയോ അപകടമോ വ്യക്തമാക്കുന്ന വലിയ ബോർഡുപോലും ഇവിടെയില്ല.

കളമശ്ശേരി, കലൂർ പ്രദേശങ്ങളിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് ആറു മാസം മുൻപാണ്‌ പാടം പ്രദേശത്തെ 70 സെന്റോളം സ്ഥലത്ത് യാർഡ് സ്ഥാപിച്ചത്. കുറച്ചു ഭാഗത്ത് മുള്ളുവേലി കെട്ടിയിട്ടുണ്ടെങ്കിലും റോഡിലേക്കിറങ്ങുന്ന ഭാഗം തുറന്നുകിടക്കുകയാണ്. മഴക്കാലം ആരംഭിച്ചതോടെ സബ് സ്റ്റേഷന് ചുവട്ടിൽ മീൻപിടിക്കാൻ പ്രദേശവാസികളല്ലാത്ത കുട്ടികളും മുതിർന്നവരും എത്തുന്നത് പതിവാണ്. അപായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതാണ് കൂടുതൽ പേർ എത്താൻ ഇടയാക്കുന്നത്.

കളമശ്ശേരിയിലേക്ക് 110 കെ.വി. ലൈനും കലൂരിലേക്ക് 220 കെ.വി. ലൈനുമാണുള്ളത്. ഉഗ്രശേഷിയുള്ള വൈദ്യുതി ലൈനിന് താഴെയിരുന്ന് ചൂണ്ടയിടുന്നവരിൽ പലർക്കും അപകടസാധ്യത അറിയില്ലെന്നും സുരക്ഷാ മുൻകരുതലെടുക്കാത്തത് വലിയ ദുരന്തത്തിന് കാരണമായേക്കാമെന്നും പ്രദേശവാസികൾ പറയുന്നു. ഒരു ദുരന്തമുണ്ടാവുംമുമ്പ് വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നാണ് കെ.എസ്.ഇ.ബി. അധികൃതരോട് തുതിയൂർകാർക്കുള്ള അഭ്യർത്ഥന.

അതേസമയം, ചുറ്റുമതിൽ കെട്ടി സുരക്ഷ ഉറപ്പു വരുത്താൻ ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ വിശദീകരണം.