സി.ബി.എസ്.ഇ. പബ്ലിക്‌ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളാണ് പുസ്തകമില്ലാതെ ബുദ്ധിമുട്ടുന്നത്. അതേസമയം ഇതേ പുസ്തകങ്ങൾ ഉപയോഗിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളിൽ നേരത്തെ അധ്യയനം തുടങ്ങിയതിനാൽ ആ കുട്ടികളെല്ലാം നേരത്തെ പുസ്തകങ്ങൾ ശേഖരിച്ചിരുന്നു. സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാലയങ്ങൾ വഴി വിതരണം ചെയ്തിട്ടുമുണ്ട്. പുസ്തകം ലഭിക്കാത്തതിനാൽ സി.ബി.എസ്.ഇ. വിദ്യാർഥികളുടെ രക്ഷിതാക്കൾ ഓട്ടത്തിലാണ്.വി.പി. ശ്രീലൻതോപ്പുംപടി : ഓൺലൈൻ ക്ലാസ് തുടങ്ങിയിട്ടു ദിവസങ്ങളായി. പഠിക്കാൻ പുസ്തകം മാത്രമില്ല. പുസ്തകമില്ലാതെ ക്ലാസുകൾ കേൾക്കേണ്ട സ്ഥിതിയാണ് കുട്ടികൾക്ക്. സി.ബി.എസ്.ഇ. സിലബസിൽ പഠിക്കുന്ന കുട്ടികൾക്കാണ് പാഠപുസ്തകം കിട്ടാത്തത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ എൻ.സി.ഇ.ആർ.ടി.യുടെ അംഗീകൃത പാഠപുസ്തകങ്ങൾ തന്നെ ഉപയോഗിക്കണമെന്നാണ് ബോർഡിന്റെ നിർദേശം. ഈ പുസ്തകങ്ങൾക്കു വില കുറവാണ്. മിക്ക സ്കൂളുകളും സ്വകാര്യ കമ്പനികൾ ഇറക്കുന്ന പുസ്തകങ്ങൾ വിതരണം ചെയ്തുവെങ്കിലും എൻ.സി.ഇ.ആർ.ടി.യുടെ പുസ്തകങ്ങൾ പുറമേ നിന്ന് വാങ്ങാനാണ് നിർദേശിച്ചിട്ടുള്ളത്. കഴിഞ്ഞ അധ്യയന വർഷം അവസാനം തന്നെ അടുത്ത വർഷം എൻ.സി.ഇ.ആർ.ടി. പുസ്തകം ഉപയോഗിക്കണമെന്ന് സ്കൂളുകൾ നിർദേശം നൽകിയിരുന്നു. എന്നാൽ കോവിഡും ലോക്ഡൗണും മൂലം മിക്കവർക്കും സമയത്ത് പുസ്തകം വാങ്ങാൻ കഴിഞ്ഞില്ല. എൻ.സി.ഇ.ആർ.ടി.യുടെ വെബ്സൈറ്റിൽനിന്ന് പുസ്തകത്തിന്റെ പി.ഡി.എഫ്. ഡൗൺലോഡ് ചെയ്ത് ചിലർ ഉപയോഗിക്കുന്നുണ്ട്.

പുസ്തകമുണ്ട്, വിൽക്കാനാവില്ല

എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങൾക്കു ഡിമാൻഡ് ഉണ്ടാകുമെന്നറിയാവുന്നതിനാൽ ബുക്ക് സ്റ്റാളുകളും നഗരങ്ങളിലെ വൻകിട പുസ്തകവില്പന കേന്ദ്രങ്ങളും വൻതോതിൽ പുസ്തകങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ലോക്ഡൗണിനെ തുടർന്ന് കടകൾ തുറക്കാൻ കഴിയാത്തതിനാൽ ഇവ വിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ലോക്ഡൗണിൽ പാഠപുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളുകൾക്ക് പ്രത്യേക ഇളവ് ലഭിച്ചില്ല. നോട്ട് ബുക്കുകൾ വിൽക്കുന്ന കടകൾക്ക് നിയന്ത്രിതമായി കടകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. പ്രത്യേക നിർദേശമില്ലാത്തതിനാൽ ജില്ലയിൽ പല മേഖലകളിലും പാഠപുസ്തകങ്ങൾ വിൽക്കുന്ന കടകൾ തുറക്കുന്നില്ല.

ചില മേഖലകളിൽ രക്ഷിതാക്കളുടെ സമ്മർദത്തെ തുടർന്ന് പുസ്തക കടകൾ തുറന്ന് വില്പന നടത്തി. എന്നാൽ ആ സമയത്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും വലിയ തിരക്കുണ്ടായി. ചില പുസ്തക കടകൾക്കു മുന്നിൽ വലിയ ക്യൂ തന്നെയുണ്ടായി.

സി.ബി.എസ്.ഇ. സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക്‌ പാഠപുസ്തകങ്ങൾ ലഭിക്കുന്നതിന് ബുക്ക് സ്റ്റാളുകൾ തുറക്കാൻ അനുമതി നൽകണം. വെള്ളിയാഴ്ച എല്ലാ കടകളും തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ ദിവസം ബുക്ക് സ്റ്റാളുകളും തുറക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. ആ സമയത്ത് കടകളിൽ വലിയ തിരക്കിന് സാധ്യതയുണ്ട്. പാഠപുസ്തകങ്ങൾ വിൽക്കുന്ന കടകൾക്ക് ഈ ദിവസങ്ങളിൽ കൂടുതൽ സമയം അനുവദിക്കാതെ തിരക്ക് ഒഴിവാകില്ല.വിൽക്കാൻ അനുവദിക്കണം

പാഠപുസ്തകങ്ങൾ സ്റ്റോക്കുണ്ട്. പക്ഷേ, കട തുറന്ന് അത് കൊടുക്കാൻ കഴിയുന്നില്ല. ഒരുപാട് രക്ഷിതാക്കൾ ഫോണിൽ ബന്ധപ്പെടുന്നുണ്ട്. പാഠപുസ്തകങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാൻ അനുമതി നൽകണം

സുരേഷ്, ബുക്ക് സ്റ്റാൾ ഉടമ, തോപ്പുംപടി ക്ലാസ് മാത്രം പോരാ, പുസ്തകം വേണം

ഓൺലൈൻ ക്ലാസ് തുടങ്ങിയിട്ട്‌ പത്ത് ദിവസം കഴിഞ്ഞു. കുട്ടികൾക്കു പഠിക്കാനുള്ള പുസ്തകം കിട്ടിയിട്ടില്ല. കടകൾ തുറക്കാത്തതാണു പ്രശ്നം. ഇതിനു പരിഹാരമുണ്ടാക്കാൻ സർക്കാർ ഇടപെടണം

പി.എസ്. രമേഷ്, രക്ഷിതാവ്പാഠപുസ്തകം ലഭ്യമാക്കണം

സി.ബി.എസ്.ഇ. വിദ്യാർഥികൾക്കു മാത്രം പാഠപുസ്തകങ്ങൾ കിട്ടാത്ത സ്ഥിതിയുണ്ട്. പാഠപുസ്തക വില്പനശാലകൾ തുറക്കാൻ അനുമതി നൽകാതെ ഈ പ്രശ്നം പരിഹരിക്കാനാവില്ല.

വിനോദ് ജി. നായർ, പ്രിൻസിപ്പൽ, സെയ്ന്റ് ജോർജ് പബ്ലിക് സ്‌കൂൾ,മൂവാറ്റുപുഴ