കുമ്പളങ്ങി : രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് കാണാത്ത മേഖലയായ കുമ്പളങ്ങിയിൽ വാക്‌സിനേഷന് പ്രത്യേക സൗകര്യങ്ങളൊരുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കെ.ജെ. മാക്‌സി എം.എൽ.എ. അറിയിച്ചു. ജില്ലാ കളക്ടർ ഇതിനുള്ള സൗകര്യമൊരുക്കും. ആദ്യഘട്ടത്തിൽ കുമ്പളങ്ങി ആശുപത്രിയിൽ തന്നെ കൂടുതൽ പേർക്ക് വാക്‌സിൻ നൽകും. തുടർന്ന് പഞ്ചായത്തിലെ മറ്റ് കേന്ദ്രങ്ങൾ വഴിയും വാക്‌സിൻ നൽകും. ഓൺലൈൻ ബുക്കിങ്ങിൽ കുമ്പളങ്ങി പ്രദേശവാസികൾക്ക് ടോക്കൺ കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. സമീപ പ്രദേശങ്ങളിൽനിന്ന് നൂറിലധികം ആളുകൾ ഇവിടെ വന്ന് വാക്‌സിൻ എടുക്കുമ്പോൾ കുമ്പളങ്ങിക്കാർക്ക് വിരലിൽ എണ്ണാവുന്ന വാക്‌സിനേ ലഭിച്ചിരുന്നുള്ളു. കൺടെയ്ൻമെൻറ് സോണാക്കിയിട്ടും രോഗ നിരക്ക് ഉയർന്നുതന്നെ നിൽക്കുന്നതിനാൽ കൂടുതൽ പേർക്ക് വാക്‌സിൻ നൽകാനാണ് നീക്കം. വെള്ളിയാഴ്ച കളക്ടർ കൂടി പങ്കെടുക്കുന്ന യോഗത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്ന് എം.എൽ.എ. പറഞ്ഞു.