കോലഞ്ചേരി : സ്കൂൾ കുട്ടികൾക്ക് മാനസിക ആരോഗ്യ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുന്നത്തുനാട്ടിൽ ‘അതിജീവനം’ പദ്ധതി നടപ്പാക്കുന്നു. പി.വി. ശ്രീനിജിൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് പദ്ധതി. കോവിഡ് വ്യാപനം തുടരുന്നതോടെ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളുടെ ജീവിത ശൈലിയിലും ചര്യകളിലും വന്ന മാറ്റങ്ങൾ പലതരത്തിലുള്ള മാനസിക സമ്മർദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇതൊഴിവാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എട്ട്‌ മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായാണ് പദ്ധതി. കോലഞ്ചേരി ബി.ആർ.സി.യുടെ പരിധിയിൽ വരുന്ന 14 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ആദ്യഘട്ടമായി നടപ്പാക്കുന്നത്.

മേയ് 11 മുതൽ 15 വരെ ഫോൺ-ഇൻ പരിപാടിയായി നടത്തുന്ന പരിപാടിയിൽ തിരുവനന്തപുരം നിംസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബീന (94951 24048) 11, 12, 14 തീയതികളിൽ വൈകീട്ട് 3.30 മുതൽ 6 വരെയും, മൂവാറ്റുപുഴ ഗവ. ആശുപത്രിയിലെ കെ.പി. പ്രജിത് (80755 74165) 13, 14, 15 തീയതികളിൽ രാവിലെ 11 മുതൽ 12.30 വരെയും ആശയവിനിമയം നടത്തും.

പരിപാടിയിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കു കൂടി ആശയ വിനിമയത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഓരോ സ്കൂളുകൾക്കും പങ്കെടുക്കേണ്ട സമയക്രമം ബി.ആർ.സി. വഴി നൽകുമെന്നും എം.എൽ.എ. അറിയിച്ചു.