കോതമംഗലം : കൊതുകു നിവാരണത്തിന്റെ പേരിൽ വാരപ്പെട്ടി കവലയിൽ ഓടകളുടെ സ്ലാബ് ഇളക്കിമാറ്റി അപകടക്കെണിയാക്കിയ പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി ധർണ നടത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ലാബുകൾ മാറ്റിയപ്പോൾ പൊട്ടുകയും പുനഃസ്ഥാപിച്ചപ്പോൾ പലതും ചേരാതെ വരുകയും ഉണ്ടായി. ഓടയുടെ കോൺക്രീറ്റ് ഭിത്തി തകർന്ന് കാനയിൽ വീണ് സ്ലാബുകൾ മണ്ണിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാണെന്നും ഡി.വൈ.എഫ്.ഐ. ആരോപിച്ചു.

സ്ലാബ് ശരിയായ രീതിയിൽ പുനഃസ്ഥാപിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. പഞ്ചായത്തിന് മുന്നിൽ നടത്തിയ ധർണ ബ്ലോക്ക് ജോ. സെക്രട്ടറി എൻ.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. യദുകൃഷ്ണൻ, ഇ.എം. നിയാസ്, ഗോകുൽ ഗോപാലൻ എന്നിവർ പങ്കെടുത്തു.