ഏലൂർ : ഏലൂർ നഗരസഭയിൽ വ്യാപകമായ ആഫ്രിക്കൻ ഒച്ചുകളെ ആകർഷിച്ച് നശിപ്പിക്കുന്ന പദ്ധതി നടപ്പാക്കാൻ വ്യാഴാഴ്ച ചേർന്ന ഓൺലൈൻ കൗൺസിൽ യോഗം തീരുമാനിച്ചു. എല്ലാ വാർഡുകളിലെയും വീടുകളും സ്ഥാപനങ്ങളും ചേർന്ന് 19, 20 തീയതികളിൽ പദ്ധതി നടപ്പാക്കും. കൃഷികൾ നശിപ്പിക്കുകയും അതിവേഗം പെരുകയും ചെയ്യുന്ന ഒച്ചുകൾ നിരവധി വാർഡുകളിലുണ്ട്. നിലവിൽ ഉപ്പും മറ്റു രാസവസ്തുക്കളും ഉപയോഗിച്ചാണ് നശിപ്പിക്കുന്നത്. ഇങ്ങനെ പൂർണമായി നശിപ്പിക്കാൻ കഴിയുന്നില്ല. മുരിങ്ങയില,കപ്പങ്ങയില, കാബേജ് എന്നിവ ചേർത്ത് രണ്ടു ദിവസം ചണച്ചാക്കിൽ പൊതിഞ്ഞുവെച്ചാലുണ്ടാകുന്ന മണം ഒച്ചിനെ ആകർഷിക്കും. ഇവ കൂട്ടമായി എത്തുമ്പോൾ ഉപ്പ്, തുരിശ്, പുകയില കഷായം എന്നിവയിലേതെങ്കിലും തളിച്ച് ഉൻമൂലനം ചെയ്യുന്നതാണ് പദ്ധതി.

വാർഡുതല ശുചിത്വ സമിതി മുഖേനയാണ് ഒച്ച് നശീകരണം നടത്തുക. കൗൺസിൽ യോഗത്തിൽ ചെയർമാൻ എ.ഡി.സുജിൽ അധ്യക്ഷനായി. ആരോഗ്യകാര്യ അധ്യക്ഷൻ പി.എ. ഷെരീഫ്, ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ.പ്രേംചന്ദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ.രശ്മി എന്നിവർ പദ്ധതി വിശദീകരിച്ചു.