കോവിഡ് ബാധിതർ

കുഞ്ചിപ്പാറയിൽ 209

തലവച്ചപ്പാറയിൽ 63

കുട്ടംപുഴ : കുഞ്ചിപ്പാറ ആദിവാസി ഊരിന്‌ പിന്നാലെ തലവച്ചപ്പാറ കുടിയിലും കോവിഡ് അതിതീവ്രം. കുഞ്ചിപ്പാറയിൽ 97 പേർക്കുകൂടി പോസിറ്റീവായി. ഇതോടെ കുഞ്ചിപ്പാറയിൽ കോവിഡ് ബാധിതർ 209 ആയി. തലവച്ചപ്പാറയിൽ 87 ആർ.ടി.പി.സി.ആർ. പരിശോധനയിൽ 60 പേർക്കും ആന്റിജൻ ടെസ്റ്റിൽ ഒരാൾക്കും ഉൾപ്പെടെ 61 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തലവച്ചപ്പാറയിൽ ഇതോടെ 63 പേരാണ് കോവിഡ് ബാധിച്ചു കഴിയുന്നത്. രണ്ട് കുടികളിലും കൂടി 272 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇരു കുടികളിലും ടി.പി.ആർ. 62 ശതമാനമായി ഉയർന്നു. തേര ആദിവാസി ഊരിൽ കോവിഡ് ബാധിച്ച 43 പേരും നെഗറ്റീവായി മടങ്ങി. ഈ കുടിയിൽ നടന്ന കാണിക്കാരന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് ഇപ്പോൾ രോഗവ്യാപനം ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

രോഗബാധിതരെ വ്യാഴാഴ്ച രാവിലെ മുതൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വനം, പോലീസ്, ട്രൈബൽ, പഞ്ചായത്ത്്, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ താലൂക്കിലെ വിവിധ ഡി.സി.സി.കളിലേക്ക്് മാറ്റി. വൈകീട്ടോടെയാണ് പൂർത്തിയായത്. ജീപ്പുകളിൽ നിരവധി തവണയായി ബ്ലാവനക്കടവിൽ എത്തിച്ച് അവിടെനിന്ന്്് ആംബുലൻസിൽ കുട്ടംപുഴ ഡി.സി.സി.യിൽ എത്തിച്ച് ഭക്ഷണം നൽകിയാണ് രായമംഗലം, പോത്താനിക്കാട്, കോട്ടപ്പടി, നെല്ലിക്കുഴി, പൈങ്ങോട്ടൂർ ഡി.സി.സി.കളിലേക്ക് മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കുട്ടംപുഴ മെഡിക്കൽ ഓഫീസർ ഡോ. അനൂപ് തുളസി, ഡോ. രോഹിണി, പി.കെ. ഷിജു, പി.എം. ഷാജി, കെ.എം. അഷ്‌റഫ്, ട്രൈബൽ ഓഫീസർ ജി. അനിൽകുമാർ, പോലീസ് ഇൻസ്പെക്ടർ മഹേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.

മൂന്നു കുടികളിലെയും മുഴുവൻപേരേയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ചിപ്പാറയിൽ രണ്ടു കുടികളിലായി 364-ഉം തലവച്ചപ്പാറയിൽ 250-ഉം ആണ് ജനസംഖ്യ. പകുതിയോളം പേർക്ക്്് കോവിഡ് ബാധിച്ചതായാണ്‌ നിഗമനം.

വെള്ളിയാഴ്ച വനാന്തര ഊരായ വാരിയംകുടിയിലെ മീങ്കുളം, മാപ്പിളപ്പാറ, മാണിക്കുടി എന്നിവിടങ്ങളിൽ ആന്റിജൻ ടെസ്റ്റ്് നടത്തും. ഇവിടെ വീടുനിർമാണ കരാർ പണി നടത്തുന്ന കൂവപ്പാറ സ്വദേശി ഇ. ശെൽവരാജ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഇയാളുമായി സമ്പർക്കത്തിൽവന്ന ആർക്കെങ്കിലും രോഗവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന്്് വിലയിരുത്തുന്നതിനായാണ് ക്യാമ്പ്‌. ഇതിനായി മൂന്ന്‌ മെഡിക്കൽ ടീമുകൾ രാവിലെ 7-ന് പുറപ്പെടും.