കൊച്ചിയിലും ഉപഗ്രഹ നഗരത്തിലും രണ്ട് നിയമമെന്ന് പരാതി
അരൂർ : കൊച്ചിയിലും ഉപഗ്രഹ നഗരമായ അരൂർ മേഖലയിലുമുള്ള വ്യാപാരികളോട് രണ്ടുതരം സമീപനം സ്വീകരിക്കുന്നതിൽ പ്രതിഷേധം. കോവിഡിന്റെ പശ്ചാത്തലത്തിൽ കൺടെയ്ൻമെന്റ് സോണിൽ മൈക്രോ സോൺ രൂപവത്കരിച്ച് മറ്റ് ഭാഗങ്ങളെ ഒഴിവാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചുതുടങ്ങി. എന്നാൽ കൊച്ചിയുടെ അതിർത്തി പങ്കിടുന്ന അരൂർ മേഖലയിൽ ഇത് നടപ്പാക്കാൻ അനുവദിക്കുന്നില്ലെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് യു.സി. ഷാജി പറഞ്ഞു.
അരൂർ പഞ്ചായത്തിലെ 22-വാർഡുകളിൽ ഏഴ് വാർഡുകൾ കൺടെയ്ൻമെന്റ് സോൺ ആണ്. വാർഡ് മുഴുവനായി അടച്ചിടുന്ന രീതിയാണ് അധികൃതർ കൈക്കൊള്ളുന്നത്. രോഗി താമസിക്കുന്ന ചുറ്റുപാടുകൾ മാത്രം അടച്ചിട്ട്, ബാക്കി പ്രദേശങ്ങളിൽ വ്യാപാരം അനുവദിക്കണമെന്നാണ് കടക്കാരുടെ ആവശ്യം.
അരൂർ മേഖലയിൽ ദേശീയപാതയോരത്തും സംസ്ഥാനപാതയുടെ അരികിലുമാണ് ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും. ഓണക്കാലത്ത് കടകൾ തുറക്കാതിരുന്നാൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് വ്യാപാരികളുടെ യോഗം വിലയിരുത്തി.
യു.സി. ഷാജി യോഗം ഉദ്ഘാടനം ചെയ്തു. പി.ബി. പ്രേംലാൽ അധ്യക്ഷത വഹിച്ചു. കെ.കെ. ബാലസുബ്രഹ്മണ്യൻ, പി.എസ്. ശ്രീധര ഷേണായി, അഗസ്റ്റിൻ ബ്രിട്ടോ, ടി.കെ. അബ്ദുൾ കരിം എന്നിവർ പങ്കെടുത്തു.