കൊച്ചി: കോവിഡ് സാഹചര്യത്തിൽ പോലീസ് പരിശോധന കുറഞ്ഞത്‌ മുതലാക്കി മയക്കുമരുന്ന്‌ സംഘങ്ങൾ. മുമ്പ്‌ പോലീസ് പരിശോധന ശക്തമായതോടെയാണ് മയക്കുമരുന്ന്‌ നിശാ പാർട്ടികൾ കൊച്ചിനഗരത്തിൽനിന്ന്‌ പുറത്തേക്ക്‌ താവളം മാറ്റിയത്.

മൂന്നാർ, വാഗമൺ, സംസ്ഥാനാതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ റിസോർട്ടിലേക്കും ഫാം ഹൗസിലേക്കുമാണ് പാർട്ടികൾ മാറ്റിയത്. ഇതിന്റെ നടത്തിപ്പുകാർ എറണാകുളം കേന്ദ്രീകരിച്ചുള്ളവർ തന്നെയായിരുന്നു.

കഴിഞ്ഞവർഷം വാഗമണിലെ നിശാ പാർട്ടിയിൽനിന്ന്‌ പോലീസ് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. ഈ പാർട്ടിയുടെ സംഘാടകരും കൊച്ചിക്കാരായിരുന്നു.

രാജ്യത്തുതന്നെ ഏറ്റവുമധികം മയക്കുമരുന്ന്‌ ഉപയോഗമുള്ള നഗരമായി കൊച്ചി മാറുകയാണെന്ന് അടുത്തിെട ഡി.സി.പി. ഐശ്വര്യ ഡോങ്‌റെ സൂചിപ്പിച്ചിരുന്നു. പോലീസ് നടപടികൾ കർശനമാക്കിയെന്നും അവരറിയിച്ചു. ഈ വർഷം മാർച്ചുവരെ 733 എൽ.എസ്.ഡി. സ്റ്റാമ്പും 116.59 ഗ്രാം എം.ഡി.എം.എ.യുമാണ് നഗരത്തിൽനിന്ന്‌ പിടികൂടിയത്.

സിന്തറ്റിക് ലഹരി പിടികൂടിയതോടെ റേവ് പാർട്ടികൾ നടക്കുന്നതായി പോലീസിന്‌ സംശയവുമുണ്ടായിരുന്നു. ക്രിസ്മസ്-പുതുവത്സര സമയത്താണ് ഈ പാർട്ടികൾ അധികവും നടക്കുന്നത്. അതിനാൽ ഇപ്പോഴുണ്ടാകുമെന്ന്‌ പോലീസ് സംശയിച്ചതുമില്ല.

അനധികൃത ഡി.ജെ. പാർട്ടികൾക്കെതിരേ കേസെടുക്കും

പരിശോധന കുറഞ്ഞതാകാം നിശാ പാർട്ടികൾ സംഘടിപ്പിക്കാൻ കാരണമെന്ന് എക്സൈസും കരുതുന്നു. നഗരത്തിലെ ലഹരിമരുന്ന്‌ പാർട്ടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ കിട്ടിയിട്ടുണ്ടെന്നും വരുംദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും എക്സൈസ് വ്യക്തമാക്കി. അനധികൃത ഡി.ജെ. പാർട്ടികൾക്കെതിരേ കേസുകളെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലഹരിവസ്തുക്കൾ അധികവും ‘ഡാർക്ക് വെബ്‌’ വഴി കൂറിയറായി ഓർഡർ ചെയ്തതാണെന്ന്‌ എക്സൈസ് കരുതുന്നു. കൂറിയർ ഏജൻസികളെയും നിരീക്ഷിക്കും.

വാഗമണിൽ അവസാനിച്ചോ?

വാഗമണിൽ മിന്നൽ റെയ്ഡ് നടത്തി പോലീസ് ശക്തി കാണിച്ചെങ്കിലും പിന്നീട് ഇത്തരം റെയ്ഡുകൾ കാര്യമായി നടന്നില്ല. വാഗമൺ കേസന്വേഷണം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ തുടരുന്നുണ്ട്. സിന്തറ്റിക് ലഹരിവസ്തുക്കൾ പിടികൂടുന്നതല്ലാതെ പാർട്ടികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടർനടപടികളും വിരളമാണ്. ഇത്‌ ലഹരിസംഘങ്ങൾക്ക് അവസരമാകുകയാണ്.

റെയ്ഡ് തുടരും

കുറച്ചുനാളായി ഇല്ലാതിരുന്ന റേവ് പാർട്ടികൾ വീണ്ടും തുടങ്ങി. സംശയമുള്ള ഇടങ്ങളിലെല്ലാം റെയ്ഡ് നടത്താനാണ് തീരുമാനം.

-എ.ടി. അശോക് കുമാർ

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ

ആദ്യം താക്കീത്

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ പട്ടികയുണ്ടാക്കി ഇവരെ ഓരോരുത്തരെയും വിളിച്ച്‌ താക്കീത് നൽകാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. തുടർ റെയ്ഡുകളും ഉണ്ടാകും.

-കസ്റ്റംസ് പ്രിവന്റീവ്