കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടെ പ്രാധാന്യം നഷ്ടപ്പെട്ട് ‘എ.ബി.സി.’ പദ്ധതി. തെരുവുനായ്ക്കളെക്കൊണ്ടുള്ള ഉപദ്രവമേറുമ്പോഴും അതിന്‌ പരിഹാരമായി നടപ്പാക്കിയ വന്ധ്യംകരണ പദ്ധതി (അനിമൽ ബെർത്ത് കൺട്രോൾ) നിലച്ചമട്ടാണ്. സാമ്പത്തിക പ്രതിസന്ധിമൂലം പദ്ധതി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കാവുന്നില്ല.

എ.ബി.സി. പദ്ധതിക്കാവശ്യമായ ഫണ്ട്‌ മാറ്റിവെയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കഴിയുന്നില്ല. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എ.ബി.സി.ക്ക്‌ ഇത്തവണത്തെ വിഹിതം മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണ്. 2019-20ൽ 41 തദ്ദേശ സ്ഥാപനങ്ങൾ 78 ലക്ഷം രൂപ അനുവദിച്ചെങ്കിൽ 2020-21ൽ 25 തദ്ദേശ സ്ഥാപനങ്ങളിലായി 40 ലക്ഷം രൂപയായി അത്‌ കുറഞ്ഞു.

കോവിഡിനെ തുടർന്ന്‌ വരുമാനം കുറഞ്ഞതിനാൽ എ.ബി.സി. നടപ്പാക്കാൻ ഫണ്ടില്ലെന്നാണ്‌ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കുടുംബശ്രീയെ അറിയിച്ചത്. 2020-21ൽ 1997 നായ്ക്കളെ മാത്രമാണ് വന്ധ്യംകരിച്ചത്. 2019-20ൽ 3732 നായ്ക്കളെയും 2018-19ൽ 5656 നായ്ക്കളേയും വന്ധ്യംകരിച്ചതായി കുടുംബശ്രീ അധികൃതർ പറയുന്നു.

കോവിഡ് പ്രതിരോധത്തിന്‌ കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നതോടെ മിക്ക തദ്ദേശ സ്ഥാപനങ്ങൾക്കും ഇത്തരം പ്രവർത്തനങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകാനായില്ല. രണ്ടുലക്ഷം രൂപ അനുവദിച്ച തദ്ദേശ സ്ഥാപനങ്ങളിൽ 2020-ൽ അത്‌ 33,000 രൂപയായി കുറഞ്ഞു. ആറു ലക്ഷത്തിനടുത്ത് അനുവദിച്ച തൃപ്പൂണിത്തുറ നഗരസഭയിൽ 2.10 ലക്ഷം രൂപയായി ഫണ്ട്‌ ചുരുങ്ങി. മരട്‌ നഗരസഭ 2020-ൽ 6.30 ലക്ഷം രൂപ മാറ്റിവെച്ചു.

കോർപ്പറേഷനിൽ പദ്ധതി മുന്നോട്ട്

കൊച്ചി കോർപ്പറേഷനിൽ എ.ബി.സി. പരിപാടി വിജയകരമായി തുടരുന്നുണ്ട്. 2015 മുതൽ ഇതുവരെ ഏഴായിരത്തിലധികം നായ്ക്കളെ വന്ധ്യംകരിച്ചു. ആദ്യകാലത്ത് 250 നായ്ക്കളെ മാസം വന്ധ്യംകരിച്ചിരുന്നു. ഇപ്പോഴത് 75 ആയി കുറഞ്ഞു.

-ഡോ.സോണിക സതീഷ്

വെറ്ററിനറി സർജൻ, ഇൻ ചാർജ് എ.ബി.സി. പ്രോജക്ട്, കൊച്ചി കോർപ്പറേഷൻ

കൂടുതൽ പണം വകയിരുത്തും

എ.ബി.സി. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. തെരുവുനായ്ക്കൾ കൂടുന്ന സാഹചര്യത്തിൽ ഫണ്ട് കൂട്ടിത്തരാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

-ടി.ആർ രമ്യ

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ