പറവൂർ : സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർ അറസ്റ്റുചെയ്ത് ഏർവാഡ ജയിലിൽ അടച്ച മഹാത്മാ ഗാന്ധിയെ ശുശ്രൂഷിക്കാനായതിന്റെ ഓർമ വടക്കേക്കര തുരുത്തിപ്പുറം തേലപ്പിള്ളി ടി.ജെ. ജോസഫിന് എന്നും പ്രിയപ്പെട്ടതായിരുന്നു. 39 വർഷം ഇന്ത്യൻ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിച്ച മേജർ ടി.ജെ. ജോസഫ് (95) വിടവാങ്ങി.

ഏർവാഡ ജയിലിൽ കഴിയവേ ഗാന്ധിജിക്ക് കണ്ണിന്‌ രോഗബാധയുമുണ്ടായി. അന്ന് പുണെയിലെ ആംഡ്‌ ഫോഴ്‌സ് മെഡിക്കൽ കോളേജിൽ ഹെമറ്റോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു ജോസഫ്. അവിടെ ബ്രിട്ടീഷ് സേനയുടെ തലവനായിരുന്ന കേണൽ ബേർഡ്, ജോസഫിനോട് ഗാന്ധിജിയെ ശുശ്രൂഷിക്കാൻ എത്തണമെന്ന് നിർദേശം നൽകി. ഡോക്ടർമാർ നിർദേശിച്ച മരുന്നുമായി ഗാന്ധിജിയുടെ അടുക്കലേക്ക്‌ പോയതു മുതൽ രണ്ടാഴ്ച ജോസഫായിരുന്നു കണ്ണിൽ മരുന്നൊഴിക്കാൻ എത്തിയിരുന്നത്.

1943-ലാണ് 17-ാം വയസ്സിൽ ജോസഫ് സൈനികനാവുന്നത്. ബർമ ഫ്രണ്ടിലായിരുന്നു ആദ്യ ജോലി. പിന്നീട് രണ്ടാം ലോകമഹായുദ്ധം, ഇന്ത്യ-ചൈന യുദ്ധം, രണ്ട് ഇന്ത്യ-പാക് യുദ്ധങ്ങൾ എന്നിവയിൽ പങ്കെടുത്തു.

പറവൂരിൽ എസ്.എൻ.വി. സ്കൂളിൽ പഠിക്കുന്നകാലത്ത് കാഥികസമ്രാട്ടായിരുന്ന കെടാമംഗലം സദാനന്ദന്റെ സഹപാഠിയായിരുന്നു. അക്കാലത്ത് കലയിലും മികവു പുലർത്തി. നാടക ക്ലബ്ബിൽ അംഗമായിരുന്നു.

വടക്കേക്കര തുരുത്തിപ്പുറം സെയ്ന്റ് ലൂയീസ് പള്ളി സെമിത്തേരിയിൽ ഈ മഹാപുരുഷന് അന്ത്യവിശ്രമമായി.