കോതമംഗലം : മാർക്കറ്റിൽ സ്റ്റാളുകൾ മിക്കതും തുറന്നിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾ കാര്യമായി എത്തുന്നില്ല. രാവിലെ നാട്ടിൻപുറങ്ങളിലെ കടകളിൽ ആൾക്കാരെത്തി ആവശ്യമായ സാധനങ്ങൾ വാങ്ങി പോയശേഷം ആരും എത്തുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. മാർക്കറ്റിലെ മാത്രമല്ല, ടൗണിലെ മറ്റ് പച്ചക്കറി-പലചരക്ക്‌ കടകളുടേയും അവസ്ഥ ഇതുതന്നെയാണ്.

അതേസമയം പല സ്ഥലത്തും പച്ചക്കറിക്കും പലവ്യഞ്ജനത്തിനും സമീപദിവസങ്ങളിൽ വിലവർധന ഉണ്ടായിട്ടുണ്ടെന്നും പരാതിയുണ്ട്.

നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ആരും ടൗണിലേക്ക്‌ എത്തുന്നില്ല. കച്ചവടം വളരെ മോശമാണെന്ന് വ്യാപാരികൾ പറഞ്ഞു. നഗരസഭ നിർദേശിച്ചതനുസരിച്ച് രാവിലെ 11-നാണ് കഴിഞ്ഞ ദിവസങ്ങളിൽ കടകളടച്ചത്. സർക്കാരിന്റെ പുതിയ തീരുമാനം വന്നതോടെ രാത്രി 7.30 വരെ ടൗണിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം.

കോതമംഗലം ടൗണിലുൾപ്പടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ആളനക്കമില്ലാതായതോടെ ഗ്രാമപ്രദേശങ്ങളിലെ കടകളിൽ പതിവിൽ കൂടുതൽ വ്യാപാരം നടക്കുന്നുണ്ട്. തൊട്ടടുത്ത കടകളിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങാനാണ് ഇപ്പോൾ എല്ലാവരുടേയും ശ്രമം.