കൊച്ചി: നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയപാതയിലെ കുരുക്കഴിക്കാൻ തുറന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ശനിയാഴ്ച തുറന്നുനൽകി. തിരക്കേറിയ ശനിയാഴ്ച ദിവസം വൈകീട്ട് ഈ പാലങ്ങൾ ഉൾപ്പെടുന്ന ഇടപ്പള്ളി ജങ്ഷൻ മുതൽ അരൂർ ടോൾ പ്ലാസ വരെയുള്ള 15.5 കിലോമീറ്റർ ദൂരത്തിൽ കാറിൽ ഒരു യാത്ര.

പാലാരിവട്ടം രണ്ട്‌ മിനിറ്റ്

5.13-ന് ഇടപ്പള്ളി ജങ്ഷനിൽ യാത്ര തുടങ്ങുന്നു. ജങ്ഷനിൽനിന്ന് ഗ്രീൻ സിഗ്നൽ ലഭിച്ചാൽ പാലാരിവട്ടത്തേക്ക് തിരക്കില്ലാതെ മുന്നോട്ടുപോകാം. പാലാരിവട്ടം പാലം നിർമാണത്തിനോട് അനുബന്ധിച്ച് സ്ഥാപിച്ച യു ടേൺ എത്തുന്നതോടെ റോഡിൽ തിരക്കു തുടങ്ങും. രണ്ട്‌ മിനിറ്റു നേരംകൊണ്ട് ഇവിടേക്ക് എത്തിച്ചേരാം. പാലാരിവട്ടം ജങ്ഷൻ കടക്കണമെങ്കിൽ വീണ്ടും രണ്ട്‌ മിനിറ്റ് കിടക്കണം. 5.17-ന് പാലാരിവട്ടം കടന്ന് മുന്നോട്ട്.

പിന്നീടും വീണ്ടും വേഗത്തിൽ തന്നെ മുന്നോട്ടുപോകാം. യു ടേണുകളിലും സർവീസ് റോഡിൽനിന്ന് പ്രധാന റോഡുകളിലേക്കും വരുന്നിടത്തെ ചെറിയ തിരക്ക് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ റോഡിലില്ല.

എന്നാൽ റെയിൽവേ മേൽപ്പാലം എത്തുന്നതോടെ വാഹനങ്ങളുടെ നേരിയ നിരയുണ്ടെങ്കിലും, ഇതു കടക്കുന്നതോടെ വീണ്ടും തിരക്കില്ലാതെ മുന്നോട്ട്. വൈറ്റില മേൽപ്പാലത്തിനോട് അടുക്കുന്നതോടെ റോഡിന്റെ വീതി വികസിച്ചു. ആറ് വരികൾ അടങ്ങുന്ന പാലത്തിലോട്ട്.

5.23-ന് മെട്രോ പാലത്തിൽ തല കുനിക്കാതെ പാലം കടന്ന് മുന്നോട്ട്. തിരക്കുകളില്ലാതെ പാലം തുറന്ന് കിടക്കുമ്പോൾ തന്നെ താഴെ ഭാഗത്ത് വലിയ തിരക്ക് റോഡിലുണ്ട്. എന്നാൽ പോലും പാലത്തിലൂടെയുള്ള യാത്ര അത്ര സുഖകരമല്ല. എസ് പോലുള്ള ഒരു വളവ് പാലത്തിനുള്ളതായി തോന്നാം. മൂന്നുവരിയിലൂടെ യാത്ര ചെയ്ത് നേരെ മുന്നോട്ട് എത്തുന്നതോടെ തൈക്കൂടം പാലത്തിൽ വീണ്ടും റോഡ് ചുരുങ്ങുന്നു. ഇവിടെ വാഹനങ്ങൾ പതിയെയാണ് നീങ്ങുന്നത്.

കുണ്ടന്നൂർ മേൽപ്പാലം കടക്കുന്നതോടെ തിരക്ക് വീണ്ടും തുടങ്ങുകയാണ്. 5.28-ഓടെ കുണ്ടന്നൂർ പാലത്തിന്റെ മധ്യരേഖ കടന്നു മുന്നോട്ട്. വൈറ്റില മേൽപ്പാലത്തിന്റേതു പോലെ വളവോ തിരിവോ കുണ്ടന്നൂർ പാലത്തിൽ തോന്നില്ല. മൂന്നുവരിയിലൂടെ ആശ്വാസമായി വന്നെത്തുന്നത് കുപ്പിക്കഴുത്ത് പോലെയുള്ള പ്രദേശത്തേക്കാണ്.

എന്നാൽ ഇതുകഴിഞ്ഞ്‌ നെട്ടൂരിലേക്ക് കടക്കുന്നതോടെ റോഡിന് വീതിയേറി. എന്നാൽ റോഡിൽ ഗതാഗതം അത്ര സുഖകരമല്ല. നെട്ടൂർ മുതൽ പനങ്ങാട് വരെയുള്ള ഭാഗത്തിലൂടെ പല തവണ ബ്രേക്ക് ചവിട്ടിയേ മുന്നോട്ടു പോകാനാകൂ. രണ്ട് മിനിറ്റ് കാത്തുകിടന്ന മാടവന ജങ്ഷൻ കടന്നു. എന്നാൽ വീണ്ടും റോഡ് കുപ്പിക്കഴുത്ത് ആക്കുന്ന പാലം എത്തുന്നു.

5.37. കുമ്പളം ടോൾ പ്ലാസയിലേക്ക്. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ പോകാനുള്ള കൗണ്ടറിനു മുന്നിൽ 100 മീറ്ററിലധികം വാഹനങ്ങളുടെ നിരയുണ്ട്. ഫാസ്ടാഗുപയോഗിച്ച് കടന്നുപോകാവുന്ന കൗണ്ടറിനു മുന്നിൽ ഇതിന്റെ പകുതി വാഹനങ്ങൾ കിടക്കുന്നുണ്ട്. പാലങ്ങൾ കടന്ന് കൂടുതൽ വാഹനങ്ങൾ വേഗത്തിൽ എത്തുന്നതാണ് ഇതിന് കാരണം. ഫാസ്ടാഗുണ്ടായിട്ടും അഞ്ച് മിനിറ്റ് കാത്തു കിടന്നാണ് ടോൾ പ്ലാസ കടന്നു കിട്ടിയത്. യാത്രയിലെ വേഗം മണിക്കൂറിൽ 29.06 കി.മീ. ആണ്.

തിരികെ ഇടപ്പള്ളിയിലേക്ക് - 32.06K/H

സമയം 5.50, തിരികെയുള്ള യാത്രയിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നിര മാത്രമാണ് ടോൾ പ്ലാസയിൽ കാണാനാകുക. ഫാസ്‌ടാഗുള്ള വാഹനങ്ങൾ കാത്തുകിടക്കാതെ വേഗത്തിൽ മുന്നോട്ടു പോകുന്നുണ്ട്. ടോൾ പ്ലാസ കടന്നാൽ ടോപ് ഗിയറിലേക്ക് വേഗം മാറ്റാം, തുറന്നിട്ട റോഡാണ് മുന്നിൽ.

5.53-ന് മാടവന ജങ്ഷനിൽ ഒരു മിനിറ്റിന്റെ താമസം. പിന്നീട് വീണ്ടും വേഗത്തിൽ. 5.57-ന് കുണ്ടന്നൂർ മേൽപ്പാലം കടന്നതോടെ വേഗം 80 കി.മീറ്ററിലേക്ക് കടന്നു മുന്നോട്ട്. 5.59-ന് തൈക്കൂടം പാലം അടുത്തതോടെ വീണ്ടും തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. വൈറ്റില പാലത്തിനു മുന്നേയുള്ള യു ടേണിൽ ഗതാഗതക്കുരുക്കുണ്ട്. 6.02-ന് വൈറ്റില മേൽപ്പാലം കടന്നു. എന്നാൽ റെയിൽവേ മേൽപ്പാലം എത്തുന്നതോടെ വീണ്ടും റോഡ് കുപ്പിക്കഴുത്താകുകയാണ്.

പാലാരിവട്ടം മേൽപ്പാലത്തിന് സമീപത്തേക്ക് വേഗം കുറച്ചാണ് പോകാനാകുക. പാലാരിവട്ടം പാലം പരിസരം കടക്കാൻ നാല് മിനിറ്റാണ് വേണ്ടിവന്നത്. പിന്നീട് ടോപ് ഗിയറിലേക്ക് വാഹനം കടക്കും. എന്നാൽ ഒബ്‌റോൺ മാൾ കഴിയുന്നതോടെ വാഹനങ്ങളുടെ ക്യൂ തുടങ്ങും.

ഇടപ്പള്ളി കടക്കാൻ 10 മിനിറ്റ്‌

ഇതുവരെ കണ്ട ഏറ്റവും വലിയ തിരക്ക് ഇടപ്പള്ളിയിൽ തന്നെ. ഇടപ്പള്ളി ജങ്ഷൻ മറികടക്കാൻ എടുത്തത് 10 മിനിറ്റാണ്. 6.23-ന് ഇടപ്പള്ളി ജങ്ഷനിലെ ലക്ഷ്യസ്ഥാനത്തേക്ക്.