കൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസിൽ ലഹരിവസ്തുവായ മെത്താഫിറ്റമിൻ കൈമാറിയ ആളെ എക്സൈസ് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ഇയാളെ തേടി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിന്റെ വിവരമറിഞ്ഞ് മുങ്ങിയതായാണ് എക്സൈസിന്റെ വിലയിരുത്തൽ. ചെന്നൈയിലെ തൊണ്ടയാർപ്പേട്ടിൽ വെച്ചാണ് മയക്കുമരുന്ന് കൈമാറിയത്. ഒന്നാംപ്രതി മുഹമ്മദ് ഫവാസിനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് ഈ കാര്യങ്ങളിൽ വ്യക്തത ലഭിച്ചത്.

മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ രണ്ടാമത്തെ കേസിൽ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസിൽ ആറുപേരെ പ്രതിച്ചേർത്തിട്ടുണ്ടെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിം പറഞ്ഞു.

1.085 കിലോഗ്രാം മെത്താഫിറ്റമിൻ മയക്കുമരുന്ന് പിടികൂടിയ കേസിലാണ് നടപടി.

മുഹമ്മദ് ഫവാസ്, ശ്രീമോൻ, തയ്യിബ ഔലാദ്, ഷബ്‌ന മനോജ്, ദീപേഷ്, അജ്മൽ റസാഖ് എന്നിവരാണ് കേസിലെ പ്രതികൾ. മുഹമ്മദ് ഫവാസ്, ശ്രീമോൻ, തയ്യിബ, ഷബ്‌ന എന്നിവരാണ് ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ താമസിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയത്.

ദീപേഷ് സംഘത്തിന് സാമ്പത്തികസഹായം നൽകിയതിൽ പ്രധാനിയാണ്. ഇയാളെ കോഴിക്കോട് എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് ലഹരിവസ്തുക്കൾ കടത്താൻ സഹായിച്ചയാളാണ് അജ്മൽ. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരേ കേസെടുത്തത്.

ഓഗസ്റ്റ് 19-നാണ് കാക്കനാട്ടെ അപ്പാർട്ട്‌മെന്റിൽനിന്ന് ലഹരിമരുന്ന് പിടിച്ചത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഒരുമിച്ച് നടത്തിയ പരിശോധനയിൽ 84 ഗ്രാം മെത്താഫിറ്റമിൻ ആണ് പിടിച്ചെടുത്തത്. ഏഴുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർ റെയ്ഡിൽ 1.115 കിലോഗ്രാം എം.ഡി.എം.എ. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി.

തിരച്ചിൽനോട്ടീസ് പുറപ്പെടുവിച്ചു

കൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസിൽ വിദേശത്തേക്ക് കടന്ന പ്രതി, കോഴിക്കോട് സ്വദേശിയായ ഹിലാൽ മിഥുലാജിനായി എക്സൈസ് ക്രൈംബ്രാഞ്ച് തിരച്ചിൽനോട്ടീസ് പുറപ്പെടുവിച്ചു. ഇയാൾ യു.എ.ഇ.യിലേക്ക് കടന്നതായാണ് വിവരം. ഒന്നാംപ്രതിയുടെ ബന്ധുവാണ് ഹിലാൽ.

പ്രതിയെ ആദ്യം ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ, തെളിവുകളില്ലാതിരുന്നതിനാൽ നടപടിയെടുത്തിരുന്നില്ല. മുഖ്യപ്രതികളുടെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഹിലാലിന് കേസിൽ പങ്കുള്ളതായി വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹിലാൽ വിദേശത്തേക്ക് കടന്നതായി അറിഞ്ഞു. മയക്കുമരുന്ന് ഇടപാടിനായി ഇടനിലനിന്നു, സാമ്പത്തികസഹായം ചെയ്തു, എന്നീ കുറ്റങ്ങളാണ് ഹിലാലിനെതിരേ ചുമത്തിയിരിക്കുന്നത്.കേസിലെ മറ്റൊരു പ്രതിയായ ഷാരൂഖ് സഹലിനായും തിരച്ചിൽനോട്ടീസ് പുറപ്പെടുവിക്കാൻ എക്സൈസ് ശ്രമം തുടങ്ങി. നടപടികൾ നടന്നുവരികയാണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിം പറഞ്ഞു. കേസിൽ ആകെ 21 പ്രതികളാണുള്ളത്. മറ്റ് 19 പ്രതികളും അറസ്റ്റിലായി.