: പിറവം നഗരസഭയിലും കൊച്ചി കോർപ്പറേഷനിലും ഉപതിരഞ്ഞെടുപ്പുകളിലെ വിജയം ഇടതുമുന്നണിക്ക് വലിയ ആശ്വാസമായി. രണ്ടിടത്തും ഭരണത്തിന് ഉറപ്പു പകരാൻ വിജയം അനിവാര്യമായിരുന്നു.

കൊച്ചി : തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക്‌ നേട്ടം. എറണാകുളം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന കൊച്ചി കോർപ്പറേഷൻ 63-ാം ഡിവിഷൻ ഗാന്ധിനഗറും പിറവം മുനിസിപ്പാലിറ്റി 14-ാം വാർഡും ആലപ്പുഴയിൽ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനും ഇടതുമുന്നണി നിലനിർത്തി.

കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗറിൽ ആകെ പോൾ ചെയത 5511 വോട്ടിൽ, 2950-ഉം ഇടതുസ്ഥാനാർഥി ബിന്ദു ശിവൻ നേടി. 678 വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 115 വോട്ടിനാണ് ഡിവിഷനിൽ ജയിച്ചത്. കൗൺസിലറായിരുന്ന കെ.കെ. ശിവന്റെ നിര്യാണത്തെത്തുടർന്ന് വന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ബിന്ദുവിനെ ഇടതുമുന്നണി സ്ഥാനാർഥിയാക്കുകയായിരുന്നു. മൂന്നുപതിറ്റാണ്ടിലധികമായി ഇടതുമുന്നണി തുടർച്ചയായി ജയിച്ചുവരുന്ന ഡിവിഷനാണിത്.

എതിർ സ്ഥാനാർഥിയായ യു.ഡി.എഫിലെ പി.ഡി. മാർട്ടിന് 2263 വോട്ടും ബി.ജെ.പി. സ്ഥാനാർഥി പി.ജി. മനോജ്കുമാറിന് 195 വോട്ടും ലഭിച്ചു.

പിറവത്ത്‌ നടന്ന നിർണായക തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയം നേടി. പതിന്നാലാം ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി സി.പി.എമ്മിലെ ഡോ. അജേഷ് മനോഹർ 504 വോട്ട്‌ നേടി 26 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇതോടെ പിറവത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. യു.ഡി.എഫ്. സ്ഥാനാർഥി അരുൺ കല്ലറയ്ക്കലിന് 478 വോട്ടുകൾ ലഭിച്ചു.

ആലപ്പുഴ ജില്ലാപഞ്ചായത്ത് അരൂർ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി അനന്തു രമേശൻ ചരിത്രത്തിലെ ഏറ്റവുംവലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. 10,063 ആണ് ഭൂരിപക്ഷം. ദെലീമ ജോജോ എം.എൽ.എ. യായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ പോൾ ചെയ്ത 40,478 വോട്ടുകളിൽ 23,751 വോട്ടുകൾ നേടിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി അനന്തു രമേശൻ വിജയിച്ചത്.

യു.ഡി.എഫ് സ്ഥാനാർറ്ഥി അഡ്വ. കെ. ഉമേശന് 13,688 േവാട്ടും എൻ.ഡി.എ. സ്ഥാനാർഥി കെ.എം. മണിലാലിന് 2,762 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർഥി കൃഷ്ണകുമാറിന് 277 വോട്ടുകൾ ലഭിച്ചു.

പിറവം ഇടതു മുന്നണി തന്നെ ഭരിക്കും

പിറവം : പിറവം നഗരസഭാ ഉപതിരഞ്ഞെടുപ്പിലെ വിജയം ഭരണപക്ഷമായ ഇടതുമുന്നണിക്ക് വലിയ ആശ്വാസമായി. നിർണായക തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേടിയ ഉജ്വലവിജയം നഗരസഭാ ഭരണം സുസ്ഥിരമാക്കും. ഇടത് സ്ഥാനാർഥി സി.പി.എമ്മിലെ ഡോ. അജേഷ് മനോഹർ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

14-ാം ഡിവിഷനിലെ 1154 വോട്ടർമാരിൽ 988 പേർ വോട്ടുചെയ്തു. ഡോ. അജേഷ് മനോഹർ 504 വോട്ടുകൾ നേടി. യു.ഡി.എഫ്‌. സ്ഥാനാർഥി അരുൺ കല്ലറയ്ക്കലിന് 478 വോട്ടുകൾ ലഭിച്ചു.

ശക്തിതെളിയിക്കാനിറങ്ങിയ എൻ.ഡി.എ.യുടെ പി.സി. വിനോദിന് (ബി.ജെ.പി.) കിട്ടിയത് ആറ്‌ വോട്ടുമാത്രം. ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാതായതോടെ പിറവത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഈ വിജയത്തോടെ വിരാമമായി 27 അംഗ നഗരസഭാ കൗൺസിലിൽ ഇരുപക്ഷത്തും 13 വീതമായിരുന്നു അംഗബലം. ഉപതിരഞ്ഞെടുപ്പ് ജയത്തോടെ ഇടതുപക്ഷത്തിന് ഒരു സ്ഥാനത്തിന്റെ ഭൂരിപക്ഷമായി.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് ഭൂരിപക്ഷവുമായണ് ഇടതുമുന്നണി നഗരസഭാ ഭരണം പിടിച്ചെടുത്തത്. അഞ്ചാം ഡിവിഷനിലെ ഇടത് അംഗം ജനതാദളിലെ മിനി സോജൻ സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് രാജിവച്ചു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു വിജയം. ഇതോടെ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം 14 ആയി ചുരുങ്ങി. പതിന്നാലാം ഡിവിഷൻ അംഗമായിരുന്ന ജോർജ് നാരേക്കാടന്റെ ആകസ്മിക മരണത്തോടെ ഇത് വീണ്ടും കുറഞ്ഞു. ഇരുപക്ഷത്തും അംഗബലം 13 വീതമായി.

ഭരണം നിലനിർത്താൻ ഇടതുമുന്നണിക്ക് പതിന്നാലാം ഡിവിഷനിലെ ജയം അനിവാര്യമായിരുന്നു. അതിനാൽ, പൊതു തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ മാറ്റിനിർത്തിയിരുന്ന മുൻ പ്രതിപക്ഷ നേതാവ് കൂടിയായ യുവ നേതാവ് ഡോ. അജേഷ് മനോഹറിനെ സി.പി.എം. തിരിച്ചുവിളിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നു. അജേഷിലൂടെ നഗരസഭാഭരണം നിലനിർത്താനുളള മാന്ത്രികസഖ്യ ഇടതുമുന്നണി കൈവരിച്ചു. ഉപതിരഞ്ഞെടുപ്പിൽ അഞ്ചാം ഡിവിഷനിലെ വിജയത്തോടെ യു.ഡി.എഫ്. നേരിയ ആത്മ വിശ്വാസത്തിലായിരുന്നു. വലിയ മുൻതൂക്കമില്ലെങ്കിലും ജയിക്കുമെന്നുതന്നെയായിരുന്നു പ്രതീക്ഷ.