കാക്കനാട് : ഇൻഷുറൻസും ഫിറ്റ്‌നസ് രേഖകളൊന്നും ഇല്ലാതെ വാഹനം ഓട്ടത്തിന് വിട്ടുകൊടുത്ത ഓൺലൈൻ ടാക്സി കമ്പനിക്കെതിരേ മോട്ടോർവാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നു. ബുധനാഴ്ച കാക്കനാട്‌ പിടികൂടിയ ടാക്സിയിലാണ് നിയമലംഘനങ്ങളുടെ പരമ്പരതന്നെ അരങ്ങേറിയത്. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തുവെച്ച് വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.

വാഹനരേഖകൾ പരിശോധിക്കുമ്പോൾ ഓൺലൈനിലൂടെ വണ്ടി ബുക്ക്ചെയ്ത യുവതി രംഗത്തുവരികയും താൻ ബുക്ക്ചെയ്ത കാർ മറ്റൊന്നായിരുന്നു എന്നും വ്യത്യസ്ത നമ്പരിലുള്ള കാർ ആയതുകൊണ്ട് കയറാതിരുന്നതാണെന്നും പറഞ്ഞു. പരിശോധനയിൽ യുവതി പറഞ്ഞത് സത്യമാണെന്ന് ബോധ്യമായി. ഇവർ ബുക്ക്ചെയ്ത കാറിന്റെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇൻഷുറൻസ് ഇല്ലെന്ന് മനസ്സിലായത്. പകരംവന്ന കാറിന്റെ ടെസ്റ്റ് മുടങ്ങിയതാണെന്നും അധികൃതർ വ്യക്തമാക്കി.

കേസ് എറണാകുളം ആർ.ടി.ഒ പി.എം. ഷെബീറിന് കൈമാറി. യുവതിയും പരാതി നൽകിയിട്ടുണ്ട്.