കൊച്ചി: എത്രയോ രാവുകളിൽ മനസ്സിലേക്കോടിയെത്തിയ മനോഹരമായൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലാണ് പാർവതി. കാവാലം നാരായണപ്പണിക്കരും നെടുമുടി വേണുവും ജനാർദനനുമെല്ലാം അരങ്ങുതകർത്ത ‘ഭഗവദജ്ജുകം’ എന്ന നാടകം സംസ്‌കൃത സിനിമയാക്കുമ്പോൾ അതിലെ നായികയായി പാർവതി വരുന്നത് ഒരു സ്വപ്നംപോലെ തന്നെയാണ്. ഇന്ത്യയിലെ ആദ്യത്തെ ‘വിനോദ സംസ്‌കൃത സിനിമ’ എന്ന മേൽവിലാസത്തിൽ ‘ഭഗവദജ്ജുകം’ ഒരുങ്ങുമ്പോൾ നിറഞ്ഞ പ്രതീക്ഷയിലാണ് എറണാകുളം മഹാരാജാസ് കോളേജിലെ ബി.എ. ഹിന്ദി വിദ്യാർഥിനിയായ പാർവതി. ഇന്ത്യയിലെ ആദ്യത്തെ വിനോദ സംസ്‌കൃത ചിത്രത്തിലെ നായികയായി മാറാൻ കഴിഞ്ഞതിനെ ‘അഭിമാന സന്തോഷം’ എന്നാണ് പാർവതി പറയുന്നത്.

സംസ്‌കൃതം അറിയാതെ

സംസ്‌കൃത ഭാഷ അറിയാതെയാണ് സംസ്‌കൃത സിനിമയിൽ നായികയായത്. ആർമി ഉദ്യോഗസ്ഥനായിരുന്ന വിക്രമന്റേയും ബിന്ദുവിന്റേയും മകളായ പാർവതി ജനിച്ചുവളർന്നത് മധ്യപ്രദേശിലാണ്. പിന്നീട് കേരളത്തിലേക്കു തിരിച്ചെത്തിയ പാർവതിയുടെ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ കണ്ടാണ് ‘ഭഗവദജ്ജുകം’ സിനിമയുടെ സംവിധായകൻ യദു വിജയകൃഷ്ണൻ നായികയായി പാർവതിയെ നിശ്ചയിക്കുന്നത്.

“സംവിധായകനും കൂട്ടരും സംസ്‌കൃത സിനിമയിലെ നായികയായി എന്നെ ക്ഷണിച്ചപ്പോൾ ആദ്യം അത്ഭുതമായിരുന്നു. ഏതാനും മലയാള സിനിമകളിലും ആൽബങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും സംസ്‌കൃത സിനിമയിലെ അഭിനയം ശരിക്കും വെല്ലുവിളിയായിരുന്നു. പഴയ ‘വൈശാലി’ ശൈലിയിലുള്ള വസ്ത്രധാരണവും സംസ്‌കൃത സംഭാഷണവുമൊക്കെ പരിചയപ്പെടലായിരുന്നു പ്രധാനം. ഡബിങ്‌ വേറെ ആളാണ് ചെയ്തതെങ്കിലും അഭിനയിക്കുമ്പോൾ സംസ്‌കൃത ഭാഷതന്നെ പറയണം. രാത്രിയിൽ ഉറക്കമൊഴിഞ്ഞിരുന്നാണ് സംസ്‌കൃതത്തിലെ ഡയലോഗുകളെല്ലാം പഠിച്ചത്” -പാർവതി സിനിമയിലെത്തിയ കഥ പറഞ്ഞു.

വസന്തസേനയും ആത്മാവും

രസകരമായ ഒരു കഥയാണ് സിനിമയുടേതെന്നതാണ് തന്നെ ആദ്യം ആകർഷിച്ച ഘടകമെന്നാണ് പാർവതി പറഞ്ഞത്. “പരിവ്രാജകൻ എന്ന ബുദ്ധ ഗുരുവിലൂടെയും അദ്ദേഹത്തിന്റെ ശിഷ്യനായ ശാണ്ഡില്യനിലൂടെയുമാണ് കഥ തുടങ്ങുന്നത്. തത്ത്വങ്ങളിലൊന്നും വിശ്വാസമില്ലാതെ ആഹാരത്തിനായി മാത്രം ഗുരുവിന്റെ കൂടെ നിൽക്കുന്നവനാണ് ശാണ്ഡില്യൻ. ഒരു ദിവസം ഗുരുവിനോടു പിണങ്ങിപ്പോകുന്നതിനിടയിൽ പൂന്തോട്ടത്തിൽ വെച്ച് ഗണികയായ വസന്തസേനയെ കാണുന്നു. ആ സമയത്താണ് യമദൂതൻ ആളുമാറി വസന്തസേനയുടെ അടുത്തെത്തി അവളുടെ ആത്മാവ് എടുക്കുന്നത്. ഇതുകണ്ട്‌ സങ്കടം തോന്നിയ ശാണ്ഡില്യൻ അക്കാര്യം ഗുരുവിനോടു പറയുകയും അദ്ദേഹം തന്റെ ആത്മാവ് വസന്തസേനയിലേക്ക്‌ ആവാഹിക്കുകയും ചെയ്യുന്നു. തെറ്റു മനസ്സിലാക്കിയ യമദൂതൻ ആത്മാവിനെ തിരികെ നൽകാൻ വരുമ്പോൾ കാണുന്നത് ജീവനോടെയുള്ള വസന്തസേനയെയാണ്. തുടർന്നു നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്” -പാർവതി സിനിമയുടെ കഥ പറഞ്ഞു.

പുലികളിയിലെ പെൺപുലി

സിനിമയിലായാലും മറ്റു മേഖലകളിലായാലും തന്റെ സ്വരം എവിടേയും വേറിട്ടതാകണമെന്നാണ് പാർവതി എന്നും ആഗ്രഹിക്കുന്നത്. തൃശ്ശൂർ പൂരത്തിലെ ‘പെൺപുലി’യായി വേഷമിടുന്നതും അതേ ആഗ്രഹത്തിന്റെ പേരിലായിരുന്നു. “കേരളത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിൽ പെൺപുലി ഇറങ്ങുമ്പോൾ അതിൽ വേഷമിടാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. വിയ്യൂർ ദേശത്തിനു വേണ്ടിയാണ്‌ ഞാൻ പെൺപുലിയായത്. പെൺപുലിയാകാൻ ഞാൻ വ്രതം നോറ്റത്‌ ഉൾപ്പെടെ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു. മണിക്കൂറുകൾ ചെലവഴിച്ചാണ് ശരീരത്തിൽ പെയിന്റടിച്ചത്. ശരീരം മുഴുവൻ മണ്ണെണ്ണ ഒഴിച്ച് പെയിന്റ് ചിരകിക്കളഞ്ഞതുമൊക്കെ വലിയ അനുഭവമായിരുന്നു” -പാർവതി പറഞ്ഞു.

നൃത്തവും അഭിനയവും

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളായ നൃത്തവും അഭിനയവും ഇനിയും തുടരണമെന്നാണ് പാർവതിയുടെ ആഗ്രഹം. “കുട്ടിക്കാലം മുതലേ നൃത്തം പഠിക്കുന്നുണ്ട്. ശാസ്ത്രീയനൃത്ത പഠനത്തിൽ ഇനിയും കുറേ ദൂരം സഞ്ചരിക്കണം. മലയാളത്തിൽ ‘ശിക്കാരി ശംഭു’, ‘ഒരു കുട്ടനാടൻ ബ്ലോഗ്’, ‘നയൻ’ എന്നിവയടക്കം കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളായിരുന്നെങ്കിലും മമ്മുക്കയും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും അടക്കമുള്ള നടൻമാർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. സിനിമയിൽ നല്ല വേഷങ്ങൾ ഇനിയും ഒരുപാട് ചെയ്യണമെന്നു ആഗ്രഹമുണ്ട്” -പാർവതി സ്വപ്നങ്ങൾ പങ്കുവെച്ചു.