: രണ്ട്‌ ചക്രമേയുള്ളൂ, എന്നാലും അഹങ്കാരത്തിന് ഒരു കുറവുമില്ല. ചാഞ്ഞും ചെരിഞ്ഞുമൊക്കെ പറക്കുന്നതു കാണുമ്പോൾ ആർക്കും പേടിയാകും. ഉണങ്ങിയ റോഡുകളിലെ ഇത്തരം പരാക്രമങ്ങൾ മഴക്കാലം വരുമ്പോൾ അൽപ്പം കുറച്ചില്ലെങ്കിൽ ദുരന്തമായി മാറിയേക്കാം. ഇരുചക്ര വാഹനങ്ങൾക്കാണ്‌ മഴയും വെള്ളക്കെട്ടും പ്രധാന വില്ലനായി മാറുന്നത്. ചെറിയ മഴയും കനത്ത മഴയും വെള്ളക്കെട്ടുമെല്ലാം ഇരുചക്ര വാഹനങ്ങൾക്ക്‌ പ്രതികൂല കാലാവസ്ഥയാണ്. അതിനാൽ, ഈ മഴക്കാലത്ത് അൽപ്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മഴയിൽ മിനുസമാകുന്ന റോഡ്, ‘രണ്ടുചക്ര’ ത്തെ പലപ്പോഴും തകിടം മറിച്ചേക്കാം.

വെള്ളത്തിലിറങ്ങല്ലേ

സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കാൻ ശ്രമിക്കുക. കാരണം, റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്നു വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും.

മഴയുള്ളപ്പോൾ നാം മറ്റുള്ളവരെ കാണുന്നതുപോലെ പ്രധാനമാണ് മറ്റു വാഹനയാത്രക്കാരുടെ ശ്രദ്ധയിൽ പെടുന്നതും. കനത്ത മഴയിൽ ഹെൽമെറ്റ് ധരിച്ചുള്ള യാത്രയിൽ പലപ്പോഴും നമുക്ക് വ്യക്തമായ കാഴ്ച കിട്ടില്ല. റോഡിലെ കുഴികളോ റോഡ് മുറിച്ചുകടക്കുന്നവരോ ഒന്നും ശ്രദ്ധയിൽപ്പെട്ടെന്നു വരില്ല. അതു കാഴ്ചയിൽ പെടുന്ന സമയത്ത് പെട്ടെന്നുള്ള ബ്രേക്കിങ്‌ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും കാരണമായേക്കാം.

കനത്ത മഴയുണ്ടെങ്കിൽ മറ്റുള്ളവർക്ക് കാഴ്ചയിൽപ്പെടാനായി തിളങ്ങുന്ന നിറമുള്ള റെയ്ൻകോട്ടുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വാഹനം മറ്റു ഡ്രൈവർമാരുടെ കാഴ്ചയിൽപ്പെടാൻ സഹായിക്കും. ഫ്ളൂറസെൻറ്്‌ നിറങ്ങളിലുള്ള സ്റ്റിക്കറുകൾ ഹെൽമെറ്റ്, ജായ്ക്കറ്റ്, ബൈക്ക് എന്നിവയിൽ ഒട്ടിക്കാം. ഇടത്തേക്കോ വലത്തേക്കോ തിരിയുമ്പോഴും ബഹുനിര റോഡുകളിൽ ലെയ്ൻ മാറുമ്പോഴും ഇൻഡിക്കേറ്ററുകൾ നിർബന്ധമായി ഉപയോഗിക്കണം. ഉപയോഗശേഷം ഇൻഡിക്കേറ്റർ ഓഫ്‌ ചെയ്യാൻ മറക്കരുത്.

ഒളിഞ്ഞിരിപ്പുണ്ട് ഇവ

വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ പോകുമ്പോൾ ഓർമിക്കുക... മൂടിയില്ലാത്ത മാൻ ഹോളുകൾ, ടെലിഫോൺ കേബിൾക്കുഴികൾ, വൻ ഗട്ടറുകൾ എന്നിവയൊക്കെ വെള്ളക്കെട്ടിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവും.

റോഡിലുള്ള മാൻഹോളുകൾ, പാർക്കിങ് ഏരിയയിലും മറ്റും കയറാനും ഇറങ്ങാനുമുള്ള മെറ്റൽ പ്ലേറ്റുകൾ, റയിൽവേ ക്രോസുകൾ എന്നിവയിൽക്കൂടി വാഹനം ഓടിക്കുമ്പോൾ വേഗം കുറയ്ക്കണം. റയിൽവേ ട്രാക്കിൽ പരമാവധി നേരേതന്നെ ബൈക്ക് ഓടിച്ചുകയറ്റുക. ചെരിഞ്ഞു കയറിയാൽ ചക്രം പാളി ബൈക്ക് മറിയാൻ ഇടയാകും. റോഡിന്റെ കട്ടിങ്ങുകൾ ഏറെ സൂക്ഷിക്കുക. താഴ്ചയുള്ള റോഡരികിൽ ഇറങ്ങിയാലും ഉടൻ വെട്ടിച്ച് റോഡിലേക്ക് കയറാൻ ശ്രമിക്കരുത്.

റോഡ് ഗ്രിപ്പ്

മണിക്കൂറിൽ 50 കിലോമീറ്ററിലേറെ വേഗമെടുക്കരുത്. റോഡ് ഗ്രിപ്പ് താരതമ്യേന കുറവായതിനാൽ ബ്രേക്കിങ് അത്ര കാര്യക്ഷമമാകില്ല. അതിനാൽ, മുന്നിലുള്ള വാഹനങ്ങളുമായി സാധാരണയിലും ഇരട്ടി അകലം പാലിക്കണം.

ടയർ ത്രെഡുകൾ റോഡിലെ ജലാംശം തെറിപ്പിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണങ്ങിയ ഭാഗം റോഡിൽ ഒരു വരപോലെ രൂപപ്പെടും. ഇതിലൂടെ ബൈക്ക് ഓടിച്ചാൽ കൂടുതൽ റോഡ് ഗ്രിപ്പ് കിട്ടും. രാത്രി മഴയിൽ റോഡുകാഴ്ച തീർത്തും അവ്യക്തമായാൽ മുന്നിൽ പോകുന്ന ഫോർവീലറുകളുടെ ടെയ്ൽ ലാമ്പ് പിന്തുടർന്ന് ഓടിക്കുക.