തൃപ്പൂണിത്തുറ : ശീതങ്കൻതുള്ളലിനായി വേഷമണിഞ്ഞ് കലാമണ്ഡലം പ്രഭാകരൻ അരങ്ങിൽ കയറിയപ്പോൾ തന്നെ നിറഞ്ഞസദസ്സ് ഒന്ന് ഇളകിയിരുന്നു. 76-ാം വയസ്സിലും ആസ്വാദകരെ പിടിച്ചിരുത്താൻ ആ പേരുതന്നെ ധാരാളം. പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവ വലിയവിളക്കായിരുന്ന ചൊവ്വാഴ്ച കലാമണ്ഡലം പ്രഭാകരൻ അവതരിപ്പിച്ച 'കല്യാണസൗഗന്ധികം' ശീതങ്കൻതുള്ളൽ ഏറെ ആസ്വാദ്യമായി. 35-ാം വർഷമാണ് കലാമണ്ഡലം പ്രഭാകരൻ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് തുള്ളൽ അവതരിപ്പിച്ചത്.

ഓരോവർഷവും ഇദ്ദേഹം ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, ശീതങ്കൻതുള്ളൽ എന്നിങ്ങനെ തുള്ളൽ കല അവതരിപ്പിക്കാറുണ്ട്. കേരള കലാമണ്ഡലം കല്പിത സർവകലാശാലാ ഭരണസമിതി അംഗം കൂടിയാണ് ഇദ്ദേഹം.

‘പൂർണത്രയീശ സന്നിധിയിൽ തുള്ളൽ അവതരിപ്പിക്കുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നതുപോലെയാണ്‌’ എന്ന് കലാമണ്ഡലം പ്രഭാകരൻ പറഞ്ഞു. ശിഷ്യൻ തൃപ്പൂണിത്തുറ രഞ്ജിത്ത് (പാട്ട്), കലാ. പ്രഭാകരന്റെ മകൻ പ്രവീൺ (മൃദംഗം) എന്നിവരും പിന്തുണയേകി.

വൃശ്ചികോത്സവത്തിൽ ഇന്ന്

പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം എട്ടാം ദിവസം. കാഴ്ചശീവേലി, പഞ്ചാരിമേളം 3.30, നാദസ്വരം 6.30, കൊടിയിറക്കൽ 7.00, ഭജൻസ് 7.00, ആറാട്ടിനെഴുന്നള്ളിപ്പ് 7.30, മേജർസെറ്റ് പഞ്ചവാദ്യം 7.30 മുതൽ 11.30 വരെ, അഭിജിത്ത് അനിൽകുമാറിന്റെ സംഗീതക്കച്ചേരി 8.00, 'വീണ-വേണു-വയലിൻ' സംഗീത പരിപാടി 9.30, ചക്കംകുളങ്ങര ശിവക്ഷേത്രക്കുളത്തിൽ ആറാട്ട് 11.30, തിരിച്ചെഴുന്നള്ളിപ്പ് 12.00, പാണ്ടിമേളം 2.00.