കടുങ്ങല്ലൂർ : പെരിയാറിൽ വെള്ളമുയർന്നതോടെ കടുങ്ങല്ലൂർ പഞ്ചായത്തിൽ പ്രളയത്തെ നേരിടാനുള്ള ഒരുക്കങ്ങൾ തുടങ്ങി. വെള്ളം കയറിയ സ്ഥലങ്ങളിൽനിന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആലുങ്കൽ, പാലറ പ്രദേശത്തുള്ള കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
ഇവിടെ വെള്ളിയാഴ്ച രാവിലെതന്നെ വെള്ളം കയറിയിരുന്നു. കോവിഡ് ഭീഷണി നിലനിൽക്കുന്നതുകൊണ്ട് പെട്ടെന്നുതന്നെ ഇവരെയെല്ലാം മാറ്റിയിരുന്നില്ല. എന്നാൽ, വൈകീട്ടായതോടെ വെള്ളം കൂടുതൽ ഉയരുകയും വീട്ടുകാർക്ക് അവിടെ തുടരാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.
പെരിയാറിൽ ഇനി വെള്ളം ഉയർന്നാൽ ഏലൂക്കര കീരംപിള്ളി കോളനിയിൽ വെള്ളം കയറും. ഇവിടെ രണ്ട് കോളനികളിലായി 60 കുടുംബങ്ങളുണ്ട്. അവരെ സമീപത്തെ സ്കൂളിലേക്ക് മാറ്റാനാണ് തീരുമാനം.
മുപ്പത്തടം സ്കൂൾ, 65-ാം നമ്പർ അങ്കണവാടി എന്നിവിടങ്ങളിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് പറഞ്ഞു.