കൊച്ചി : സെക്രട്ടേറിയറ്റ്‌, രാജ്‌ഭവൻ എന്നിവയ്ക്കടുത്ത്‌ നടപ്പാതയോടു ചേർന്നുള്ള സമരവും പ്രതിഷേധവും മറ്റും തടയണമെന്ന്‌ ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി. യോഗം, പ്രതിഷേധം, പ്രകടനം, സമരം തുടങ്ങിയവ നടത്താൻ പ്രത്യേക സ്ഥലം നിശ്ചയിച്ചു നൽകാൻ സർക്കാരിനോട്‌ നിർദേശിക്കണമെന്നാണ്‌ തിരുവനന്തപുരം ചേംബർ ഓഫ്‌ കോമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രിയും പ്രസിഡന്റ്‌ എസ്‌.എൻ. രഘുചന്ദ്രൻ നായരും നൽകിയ ഹർജിയിലെ പ്രധാന ആവശ്യം. ഹർജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും.

പാതയോരത്തെ സമ്മേളനവും മറ്റും നിരോധിച്ച്‌ കോടതിവിധിയുള്ളതാണ്‌. സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോടു ചേർന്നുള്ള നടപ്പാതയ്ക്കരികിലെ സമരങ്ങൾ കാൽനട യാത്രികരെയും ആ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ട്‌. സെക്രട്ടേറിയറ്റിനും രാജ്‌ഭവനും മുന്നിലെ സമരവും മറ്റും നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ നിരോധിക്കാൻ സർക്കാരിനോടും പോലീസിനോടും നിർദേശിക്കണമെന്ന്‌ ഹർജിയിൽ പറയുന്നു.