തോപ്പുംപടി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊച്ചി നിയോജക മണ്ഡലത്തിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കാനും, ചുവരെഴുത്തുകൾ മായ്ക്കാനും പോളിങ്ങിന്റെ പിറ്റേന്ന് എൽ.ഡി.എഫ്. പ്രവർത്തകർ ഇറങ്ങി. സ്ഥാനാർഥി കൂടിയായ കെ.ജെ. മാക്‌സി എം.എൽ.എ.യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഹരിത ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണിത്. പ്രവർത്തകർക്കൊപ്പമാണ് മാക്‌സി പ്രധാന കവലകളിൽ എത്തിയത്. പുതിയ റോഡ് ജങ്ഷനിൽ നിന്നാണ് ജോലികൾ തുടങ്ങിയത്. ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തകർ പ്രചാരണ സാമഗ്രികൾ നീക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ്. നേതാക്കളായ കെ.എം. റിയാദ്, കെ.എ. എഡ്വിൻ, എം. ഉമ്മർ, പി.എ. ഖാലിദ്, എം.എ. താഹ, കൗൺസിലർ പി.എം. ഇസ്മുദ്ദീൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

അരൂർ : തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻതന്നെ പോസ്റ്ററുകളും ബാനറുകളും മത്സര സ്വഭാവത്തോടെ മുന്നണി പ്രവർത്തകർ നീക്കംചെയ്തു തുടങ്ങി. മതിലുകളിലെ പരസ്യം ഉൾപ്പെടെ മായ്ച്ച് പുതിയ ചായം പൂശാനും പ്രവർത്തകർ മുന്നിട്ടിറങ്ങുന്നുണ്ട്.

പ്രചാരണത്തിന്റെ പേരിൽ പരിസരം മലിനമാക്കിയവർ തന്നെ ശുചീകരണവും നടത്തുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മുന്നണി പ്രവർത്തകർ പറഞ്ഞിരുന്നു. ഇലക്ഷൻ കഴിഞ്ഞയുടൻ മൂന്ന് മുന്നണികളുടേയും സ്ഥാനാർഥികൾ പ്രവർത്തകർക്ക് നിർദേശം നൽകി. പരസ്യബോർഡുകൾ നീക്കം ചെയ്യിക്കുകയായിരുന്നു.

പ്രധാന കവലകളിലെ കൂറ്റൻ ബോർഡുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. വരും ദിവസങ്ങളിൽ അവയും നീക്കം ചെയ്യും.