ആലുവ : ആലുവ, അങ്കമാലി നിയോജകമണ്ഡലത്തിലെ യന്ത്രങ്ങൾ കനത്ത സുരക്ഷയിൽ സൂക്ഷിക്കുന്നത് ആലുവ യു.സി. കോളേജിലെ സ്‌ട്രോങ് റൂമിൽ. കനത്ത പോലീസ് സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എറണാകുളം റൂറൽ ജില്ലയിൽ വോട്ടിങ് മെഷീൻ സൂക്ഷിച്ചിട്ടുള്ള മറ്റ് കേന്ദ്രങ്ങളിലും പോലീസ് സുരക്ഷ കർശനമാക്കി.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒമ്പത് ഡിവൈ.എസ്.പി., ഒമ്പത് സർക്കിൾ ഇൻസ്പെക്ടർ, 36 സബ് ഇൻസ്‌പെക്ടർ, 88 കേന്ദ്രസേനാംഗങ്ങൾ ഉൾപ്പടെ 325 ഉദ്യോഗസ്ഥർ സുരക്ഷാ ചുമതല നിർവഹിക്കും.

മൂന്നു തലങ്ങളിലായിട്ടാണ് കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, പോലീസ് പട്രോളിങ് യൂണിറ്റുകൾ 24 മണിക്കുറും റോന്തുചുറ്റും.

ക്യാമറ നിരീക്ഷണത്തിലായിരിക്കും കേന്ദ്രങ്ങൾ. ഉയർന്ന ഉദ്യോഗസ്ഥർ ഇടവിട്ട സമയങ്ങളിൽ പരിശോധന നടത്തും. ആലുവ യു.സി. കോളേജിനെ കൂടാതെ, പെരുമ്പാവൂർ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, നോർത്ത് പറവൂർ ശ്രീനാരായണ ഹൈസ്കൂൾ, നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ, മൂവാറ്റുപഴ നിർമല പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം എം.എ. കോളേജ് എന്നിവിടങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.