കൊച്ചി : കുറുങ്കോട്ട. അങ്ങനൊരു പേര് ആദ്യമായാണ് ഷൈനി ടീച്ചർ കേൾക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള സ്ഥലത്തെക്കുറിച്ച് ഗൂഗിൾ മാപ്പിലൊന്ന് തിരഞ്ഞുനോക്കി. ഒന്നും കിട്ടിയില്ല.

എറണാകുളം നിയോജകമണ്ഡലത്തിലെ 21-ാം നമ്പർ പോളിങ് സ്റ്റേഷനാണ്. പ്രിസൈഡിങ് ഓഫീസറുടെ ചുമതലയിലാണ് ടീച്ചർ. രണ്ടു പോലീസ് ഉദ്യോഗസ്ഥരടക്കം ആറു പേരാണ് സംഘത്തിലുള്ളത്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സ്ഥലമെന്ന കൗതുകത്തോടെ യാത്രയ്ക്കൊരുങ്ങുമ്പോഴാണ് കൂടെ ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസർ പറയുന്നത് അതൊരു ദ്വീപാണെന്ന്.

ബോട്ടിൽ ഇതുവരെ യാത്ര ചെയ്തിട്ടില്ല. ദ്വീപിലെ രാത്രിവാസവും പരിചയമില്ല. അപൂർവമായി കിട്ടുന്ന അവസരമല്ലേ എന്നൊക്കെ കരുതി സ്വയം ആശ്വസിച്ചു.

എന്നാൽ, എറണാകുളത്തുനിന്ന് കുറുങ്കോട്ട വരെയുള്ള കായൽദൂരത്തോളമേ ആശങ്കയ്ക്ക് നീളമുണ്ടായിരുന്നുള്ളൂവെന്ന് ആലുവ ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായ കെ.പി. ഷൈനി പറയുന്നു.

“വളരെ നന്മയുള്ള കുറെ മനുഷ്യർക്കിടയിലേക്കാണ് ഞങ്ങൾ ബോട്ടിറങ്ങിയത്. ആഘോഷമായിട്ടായിരുന്നു സ്വീകരണം. കട പോലുമില്ലാത്ത സ്ഥലം. വെള്ളവും ഭക്ഷണവും കിട്ടുമോ എന്നെല്ലാം പേടിയുണ്ടായിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് അവിടെയെത്തി നിമിഷങ്ങൾക്കകം തന്നെ മനസ്സിലായി.

ഭക്ഷണവും താമസവുമെല്ലാം ഏറ്റവും മികച്ചതുതന്നെ അവർ ഒരുക്കി നൽകി. ആ കരുതലും സ്നേഹവുമെല്ലാം നല്ല ഓർമകളായി എന്നും മനസ്സിലുണ്ടാകും. പോളിങ് സമയം കഴിഞ്ഞുള്ള മടക്കയാത്രയും രസകരമായിരുന്നു. ബോട്ടുജെട്ടി വരെ ഒരു ജാഥ പോലെ കുറെപ്പേരുണ്ടായിരുന്നു ഞങ്ങൾക്കൊപ്പം” - ഷൈനി പറഞ്ഞു.