കോതമംഗലം : ആനത്താരകൾ നിറഞ്ഞ കാട്ടുപാതയിലൂടെയുള്ള യാത്ര. കാട്ടിനുള്ളിലെ ബൂത്ത് എന്നു കേട്ടപ്പോൾ എല്ലാവരുടെയും ഉള്ളിൽ അല്പം ആശങ്ക ഉണ്ടായിരുന്നു. കുട്ടംപുഴ പഞ്ചായത്തിലെ പൂയംകുട്ടിയിൽനിന്ന്‌ പത്തു കിലോമീറ്റർ അകലെയാണു ബൂത്ത്. മുതുവാൻ വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഏതാനും മണിക്കൂറുകളാണു ലഭിച്ചതെങ്കിലും അവരുടെ ജീവിതവും സംസ്കാരവും പുതിയ പാഠമായെന്നു പ്രിസൈഡിങ് ഓഫീസർ ഡോ. എസ്. ദിലീഷ് പറഞ്ഞു.

കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ദിലീഷ്. ഇതിനു മുമ്പ്‌ കോതമംഗലത്ത് ഒമ്പതു പ്രാവശ്യം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു വന്നിട്ടുണ്ട്. എന്നാൽ, ഇത്തരം അനുഭവം ആദ്യം. “കുടിയിലെ ഏകാധ്യാപക വിദ്യാലയത്തിലാണു ബൂത്ത്്. ഞങ്ങൾ ജീപ്പിൽ അവിടെ ഇറങ്ങിയപ്പോൾത്തന്നെ ആദിവാസി മൂപ്പനുൾപ്പെടെ ഓരോരുത്തർ വന്നു ഞങ്ങൾക്കു നല്ല സ്വീകരണമാണ് തന്നത്. പൂയംകുട്ടി ബ്ലാവനയിൽനിന്ന്‌ പുഴയ്ക്കു കുറുകെ ജങ്കാറിലെ യാത്രയും വനപാതയിലൂടെ ജീപ്പിലുള്ള സഞ്ചാരവും അപൂർവമായി കിട്ടുന്ന ഭാഗ്യമായി കരുതുന്നു. കോളനിയിൽ വെളിച്ചമില്ല. സന്ധ്യ കഴിഞ്ഞാൽ സോളാർ വൈദ്യുതിയാണ് ആശ്രയം. ഫോണിന് റേഞ്ചില്ല. വോട്ടിങ് യന്ത്രത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ ബുദ്ധിമുട്ടാകും. ഭാഗ്യത്തിന് തകരാർ ഒന്നും ഉണ്ടായില്ല”- ദിലീഷ് പറഞ്ഞു.

“ബൂത്തിൽ തന്നെയായിരുന്നു വിശ്രമവും. ആദിവാസികളുമായുള്ള ആശയവിനിമയവും ഏറെ പ്രയാസമായിരുന്നു. മലയാളവും തമിഴും ചേർന്ന പ്രത്യേക ഭാഷ. പ്രത്യേകത നിറഞ്ഞ ആദിവാസി ജീവിതവും കാടും എല്ലാം അടുത്തറിയാനായി. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ വഴിയിൽ ആന ഉണ്ടാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. സഹായത്തിനു പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു”. പത്താമത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി സാഹസികവും വെല്ലുവിളിയും നിറഞ്ഞതായതിന്റെ സന്തോഷത്തിലാണ് ദിലീഷ്. മൂവാറ്റുപുഴയ്ക്കു സമീപം വാളകത്താണ് വീട്.