കൊച്ചി : നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം തിരിച്ചുപിടിച്ച് സൂര്യനാരായണൻ (18) എറണാകുളം ലിസി ആശുപത്രിയിൽനിന്ന് യാത്രയായി. ജീവിതം വീണ്ടെടുക്കാൻ സഹായിച്ച അരവിന്ദിന്റെ കുടുംബത്തെ നെഞ്ചോടു ചേർത്ത് നിർത്തിയാണ് സൂര്യനാരായണൻ മടങ്ങിയത്.

കഴിഞ്ഞ മാസം 18-നാണ് കായംകുളം സ്വദേശി സൂര്യനാരായണന് തിരുവനന്തപുരത്തു നിന്ന് വ്യോമ മാർഗം എത്തിച്ച, അരവിന്ദിന്റെ ഹൃദയം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ െവച്ചു പിടിപ്പിച്ചത്.

ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു സൂര്യനാരായണന്. കേരളത്തിന് പുറത്തായിരുന്നു ആദ്യം ചികിത്സ. അവിടെ നിന്ന് ഹൃദയം മാറ്റിവയ്ക്കണമെന്ന് നിർദേശിച്ചതിനെത്തുടർന്ന് ലിസി ആശുപത്രിയിലേക്ക് വരികയായിരുന്നു. ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഏതാനും ദിവസങ്ങൾക്കു ശേഷം സൂര്യനാരായണന് ചേരുന്ന ഹൃദയം അവയവ മാറ്റത്തിലൂടെ കിട്ടി എന്ന് കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ സന്ദേശം എത്തി.

മസ്തിഷ്കമരണം സംഭവിച്ച അരവിന്ദിന്റെ ഹൃദയം അടക്കമുള്ള അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധരാകുകയിരുന്നു. ശസ്ത്രക്രിയയ്ക്ക് വേണ്ട ഒരുക്കങ്ങളും ഹൃദയം എത്രയും വേഗം എത്തിക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടു. ശസ്ത്രക്രിയ തുടങ്ങി നാല് മണിക്കൂറിനുള്ളിൽ അരവിന്ദിന്റെ ഹൃദയം സൂര്യനാരായണനിൽ സ്പന്ദിച്ചു തുടങ്ങി.

രാത്രി 12 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വളരെ വേഗം തന്നെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ സൂര്യനാരായണന്റെ അവയവങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ട്.

ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ജോ. ഡയറക്ടർ ഫാ. റോജൻ നങ്ങേലിമാലിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോർജ്‌ തേലക്കാട്ട്, ഫാ. ജോസഫ് മാക്കോതക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർ മധുരം പങ്കുെവച്ചാണ് സൂര്യനാരായണനെ യാത്രയാക്കിയത്. തുടർ ചികിത്സയ്ക്കുള്ള സൗകര്യാർത്ഥം ആശുപത്രിക്കു സമീപം വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിലേക്കാണ് സൂര്യൻ മാറിയിരിക്കുന്നത്. ലിസി ആശുപത്രിയിൽ നടന്ന 26-ാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആയിരുന്നു.