തോപ്പുംപടി : അർജുനൻ മാഷിന്റെ അവസാന ഈണങ്ങൾ നെഞ്ചോടു ചേർക്കുകയാണ് ശ്രീകാന്ത് എം. ഗിരിനാഥ്. ശ്രീകാന്ത് എഴുതിയ പാട്ടുകൾക്കാണ് മാഷ് അവസാന ദിവസങ്ങളിൽ ഈണം പകർന്നത്.

വരികൾ കാണിച്ചപ്പോൾ സിനിമയിലേക്കാണോ എന്ന് മാഷ് ചോദിച്ചു. അല്ലെന്ന് ശ്രീകാന്ത് പറഞ്ഞപ്പോൾ, പാട്ടിന്റെ സന്ദർഭം പറയാൻ മാഷ് നിർദേശിച്ചു. മാഷ് ആ പാട്ടുകൾക്ക് മനോഹരമായ ഈണങ്ങൾ നൽകി. പാട്ടിന്റെ ട്രാക്കും തയ്യാറായി.

യേശുദാസ്, പി. ജയചന്ദ്രൻ, കലാഭവൻ സാബു എന്നിവരെക്കൊണ്ട് പാട്ടുകൾ പാടിക്കാനും തീരുമാനമായി. മാർച്ചിൽ പാട്ട് റെക്കോഡ് ചെയ്യാനിരിക്കെയാണ് കൊറോണയുടെ പ്രശ്നങ്ങളുണ്ടായതെന്ന് ശ്രീകാന്ത് പറയുന്നു. അതോടെ നേരിട്ട് മാഷിനെ കാണാൻ കഴിയാതായി. കലാഭവൻ സാബുവും മാഷിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയാൽ ഉടനെ പാട്ട് റെക്കോഡ് ചെയ്യാനായിരുന്നു തീരുമാനം. പക്ഷേ, വിധി ആ പ്രതീക്ഷകളൊക്കെ തകർത്തു.

അതിമനോഹരമായ ഈണങ്ങളാണതെന്ന് ഗായകൻ കലാഭവൻ സാബു പറയുന്നു. ഈണം പകർന്ന പാട്ടുകൾ കേൾക്കാതെയാണ് അർജുനൻ മാഷിന്റെ മടക്കം. അത് വലിയ സങ്കടമാണെന്ന് ശ്രീകാന്ത് പറയുന്നു. പാട്ടുകൾ ഏതെങ്കിലും സിനിമയിലേക്ക് ചേർക്കാൻ ശ്രമിക്കുമെന്ന് ശ്രീകാന്ത് പറഞ്ഞു. പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റൻറ് എഡിറ്ററായ ശ്രീകാന്ത് തിരുവനന്തപുരം സ്വദേശിയാണ്. ശ്രീക് മ്യൂസിക്കിനു വേണ്ടിയാണ് പാട്ടുകൾ ഒരുക്കിയത്.