സി.ഇ.ടി. കോളേജ് ഏറ്റെടുത്തു

കോലഞ്ചേരി : കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാൻ മഴുവന്നൂർ പഞ്ചായത്ത് തയ്യാറായില്ലെങ്കിൽ വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെൻറർ തുടങ്ങാൻ കളക്ടറുടെ നിർദേശം.

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതിനെ തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തിനോട് ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകിയത്. ഇതിനായി സി.ഇ.ടി. കോളേജ് കളക്ടർ ഏറ്റെടുത്തു.

പുത്തൻകുരിശ് പഞ്ചായത്തിലെ ഡൊമിസിലിയറി ട്രീറ്റ്മെന്റ് സെന്റർ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി ഉയർത്തുന്നതിനും തീരുമാനമായി. ഇതിന്റെ ഭാഗമായി ഡോക്ടറുടേയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും സേവനവും ലഭ്യമാക്കും.

വടവുകോട് സി.എച്ച്.സി.യിൽ ഡോക്ടർ ക്വാറന്റീനിലായതോടെ പുതിയ ഡോക്ടറെ നിയമിക്കാൻ തീരുമാനിച്ചു. ഡോക്ടർ എത്താത്തതിനെ തുടർന്ന് താത്‌കാലിക ജീവനക്കാരുടെ ശമ്പളവും മറ്റു കാര്യങ്ങളും താളംതെറ്റിയ നിലയിലായിരുന്നു. ഇതോടെ എം.എൽ.എ. പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.

കുന്നത്തുനാട് പഞ്ചായത്തിലെ മോറക്കാലായിൽ ഡൊമിസിലറി കെയർ സെന്റർ തുടങ്ങാൻ തീരുമാനമായിട്ടുണ്ട്.

മോറക്കാല ഹയർ സെക്കൻഡറി സ്കൂളിൽ 25 പേർക്കുള്ള പ്രാഥമിക സൗകര്യങ്ങളാണ് ഒരുക്കുന്നത്.

കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ ഡി.സി.സി. തുടങ്ങാൻ തീരുമാനമെടുത്തെങ്കിലും നീണ്ടുപോവുകയായിരുന്നു. രോഗികളുടെ എണ്ണം 600 കവിഞ്ഞതോടെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ നിയുക്ത എം.എൽ.എ. വിഷയത്തിൽ ഇടപെടുകയായിരുന്നു.

തുടർന്നാണ് അടിയന്തരമായി ഡി.സി.സി. തുടങ്ങാൻ തീരുമാനമായത്. ഇവിടെ ആവശ്യംവരുന്ന മുറയ്ക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുന്നതിനും തീരുമാനമായിട്ടുണ്ട്.

കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിൽ എം.എൽ.എ.യെ കൂടാതെ എൽ.ഡി.എഫ്. മണ്ഡലം സെക്രട്ടറി സി.ബി. ദേവദർശനൻ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് എന്നിവരും സംബന്ധിച്ചു.