ആലുവ : ബിസിനസിൽ പങ്കാളിയാകാൻ ക്ഷണിച്ച് സന്ദേശം അയച്ച് പണം തട്ടുന്ന സംഘം രംഗത്ത്. കോവിഡ് കാലത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകൾ പെരുകിയ സാഹചര്യത്തിലാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് മുന്നറിയിപ്പ് നൽകുന്നത്. റൂറൽ ജില്ലയിൽനിന്ന്‌ മാത്രം വ്യത്യസ്ത കേസുകളിലായി ഇത്തരം തട്ടിപ്പുസംഘം അടിച്ചുമാറ്റിയത് ഒന്നരക്കോടിയിലേറെ രൂപയാണ്.

നിങ്ങളുടെ പ്രൊഫൈലിനെപ്പറ്റി വ്യക്തമായി പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയുമാണ് ആദ്യം അവർ ചെയ്യുന്നത്. ബിസിനസ് ചെയ്യുന്നവർ, പ്രൊഫഷണലുകൾ എന്നിവരെയായിരിക്കും ലക്ഷ്യമിടുന്നത്. പിന്നീട് ബിസിനസിൽ നിക്ഷേപിക്കാൻ പണം തരാമെന്ന് പറയും. ഇതിനിടയിൽ ബിസിനസിൽ പങ്കാളിയാകുന്നതിനോ ആരംഭിക്കുന്നതിനോ വേണ്ടി കുറച്ച് പണവും ഒന്നുരണ്ട്‌ സമ്മാനവും അയയ്ക്കുന്നുവെന്ന മെസേജും വരും.

തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിൽ ഇന്ത്യയിൽ നിന്നായിരിക്കും വിളികൾ വരുന്നത്. സംഗതികളെല്ലാം ഡൽഹി എയർപോർട്ടിലെത്തിയിട്ടുണ്ടെന്നും വിലാസം വെരിഫൈ ചെയ്യാനാണെന്നുംപറഞ്ഞ് കൂറിയർ കമ്പനി വിളിക്കുന്നതോടെ തട്ടിപ്പിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. പിന്നെ സാധനം വീട്ടിലെത്തുന്നതിനുള്ള ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള 'ഔദ്യോഗിക' വിളി വരികയായി. കൂറിയർ കമ്പനിയുടെ ക്ലിയറൻസ് ഫീസ്, കസ്റ്റംസ് പിടിച്ചതിനാൽ ഫൈൻ, ആർ.ബി.ഐ.യുടെ പിഴ ഇങ്ങനെ വ്യത്യസ്ത പേരിൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് വിവിധ അക്കൗണ്ടുകളിലേക്കായി ലക്ഷങ്ങൾ വാങ്ങും. പലപ്പോഴായി പല കാരണങ്ങൾക്കായി ലക്ഷങ്ങൾ നഷ്ടമായിക്കഴിയുമ്പോഴാണ് സംഭവം തട്ടിപ്പായിരുന്നെന്ന് മനസ്സിലാവുക.

സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവർ ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ അകപ്പെടുന്നുണ്ട്. വിദ്യാസമ്പന്നരും സർക്കാർ ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും യുവതി യുവാക്കളും തുടങ്ങി പ്രായഭേദമെന്യേ എല്ലാവരും ഇതിന്റെ ഇരകളായിട്ടുണ്ട്. ലക്ഷങ്ങൾ നഷ്ടപ്പെട്ട് പലരും നാണക്കേടുകൊണ്ട് പുറത്തു പറയാറില്ല. ഇത്തരം മെസേജുകളിൽ വിശ്വസിച്ച് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നും, ഇങ്ങനെ വരുന്ന മെസേജുകൾ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തരുതെന്നും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.