കൊച്ചി: ക്ലേ മോഡലിങ്ങിൽ സമ്മാനങ്ങൾ നേടിയാണ്‌ ഷെൽന കോളേജിൽ പഠിക്കുന്ന സമയത്ത് തിളങ്ങിയത്. ഇപ്പോൾ ആർക്കിടെക്ട് എന്ന വേഷത്തിലും.

നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു ‘ശില്പം’ സൃഷ്ടിക്കാനുള്ള നിയോഗമാണ് വന്നിരിക്കുന്നത്. യു.ഡി.എഫിന്റെ ഉറച്ച സീറ്റെന്ന വിശേഷണമുള്ള ആലുവയിൽ ഇടതുജയത്തിന്റെ ചുവപ്പൻ ശില്പം സൃഷ്ടിക്കാനുള്ള നിയോഗം.

ആലുവയിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായി പാർട്ടി നിശ്ചയിച്ച ഷെൽന നിഷാദ് പുതിയ ജോലിയും പരമാവധി ഭംഗിയാക്കാമെന്ന പ്രതീക്ഷയിലാണ്. ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സ്ഥാനാർഥിയാകാനുള്ള ഒരുക്കങ്ങളിലേക്കു ഷെൽന കടന്നു.

ആലുവയെ 26 വർഷം നിയമസഭയിൽ പ്രതിനിധാനം െചയ്ത യു.ഡി.എഫ്. എം.എൽ.എ.യായ കെ. മുഹമ്മദാലിയുടെ മരുമകളാണ് ഷെൽന. സിറ്റിങ് എം.എൽ.എ. യു.ഡി.എഫിലെ അൻവർ സാദത്തിനെതിരേ അങ്കം കുറിക്കുമ്പോൾ കരുതലോടെയാണ് ഷെൽനയുടെ വരവ്. പാർട്ടിയിലെ പ്രാദേശിക ഘടകത്തിലെ ഒരു വിഭാഗം ആദ്യം അല്പം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മുഹമ്മദാലിയുടെ മരുമകളെന്ന മേൽവിലാസവും നിഷ്പക്ഷ്മമായ ചില വോട്ടുകളും ഷെൽനയ്ക്കു ഗുണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

“പാർട്ടിയിൽനിന്ന്‌ ഔദ്യോഗിക അറിയിപ്പ് വരാതെ ഞാൻ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷേ അത്തരമൊരു ദൗത്യം വന്നാൽ ധൈര്യപൂർവം ഏറ്റെടുക്കും”- വനിതാ ദിനത്തിന്റെ തലേന്നാൾ സംസാരിക്കുമ്പോൾ ഉറച്ച ശബ്ദത്തിൽ ഷെൽനയുടെ വാക്കുകൾ.

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന്‌ ബി.ആർക്ക് വിജയിച്ച ഷെൽന ഇപ്പോൾ കൊച്ചിയിലെ എസ്.എൻ. ആർക്കിടെക്ടിന്റെ ഫൗണ്ടറും ചീഫ് ആർക്കിടെക്ടുമാണ്. അങ്കാൻസ് ഗ്രൂപ്പ് ഡയറക്ടർ നിഷാദ് അലിയാണ്‌ ഭർത്താവ്. മകൻ: ആതിഫ് അലി.