കൂത്താട്ടുകുളം: നാല്‌ പതിറ്റാണ്ടു മുമ്പത്തെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് പെണ്ണമ്മ ജേക്കബ് മൂവാറ്റുപുഴ മണ്ഡലത്തിൽനിന്ന്‌ ജനവിധി തേടിയത്. ‘കുടം’ അടയാളത്തിൽ മത്സരിച്ച പെണ്ണമ്മയ്ക്ക് 20,651 വോട്ടുകൾ ലഭിച്ചു. 2,124 വോട്ടുകൾക്ക് സി.പി.ഐ.യിലെ പി.വി. എബ്രഹാമിനെ പരാജയപ്പെടുത്തി.

ഏഴു വർഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത പെണ്ണമ്മയ്ക്ക്‌ 1977-ൽ വിജയം ആവർത്തിക്കാനായില്ല. സ്വതന്ത്രയായി മത്സരിച്ച അവർക്ക്‌ 2,249 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ചെറുപ്പത്തിലേ പൊതുപ്രവർത്തന രംഗത്തെത്തിയ പെണ്ണമ്മ രണ്ടു പ്രാവശ്യം തിരുമാറാടി പഞ്ചായത്തംഗമായി. കോൺഗ്രസിൽനിന്ന്‌ 1964-ൽ കേരള കോൺഗ്രസിലെത്തി. ആറു വർഷം കേരള കോൺഗ്രസ് സംസ്ഥാന സമിതിയംഗമായിരുന്നു. മലങ്കര ഓർത്തഡോക്സ് വനിതാ സംഘടനയുടെ ഭാരവാഹിയായും പ്രവർത്തിച്ചു.

വനിതകളെയും കുട്ടികളെയും മുൻനിരയിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിലൂടെയാണ് പെണ്ണമ്മ പേരെടുത്തത്. മഹിളാ സമാജം പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. അടിയന്തരാവസ്ഥക്കാലത്ത് ശ്രദ്ധേയമായ പ്രസംഗങ്ങൾ നടത്തി ജനശ്രദ്ധ പിടിച്ചുപറ്റി.

കെ.ആർ. ഗൗരിയമ്മയുമായി അടുത്ത ബന്ധമായിരുന്നു പെണ്ണമ്മയ്ക്കെന്ന്‌ മകളും അന്തരിച്ച കേരള കോൺഗ്രസ് നേതാവ് ടി.എം. ജേക്കബ്ബിന്റെ ഭാര്യയുമായ ഡെയ്സി ജേക്കബ് പറഞ്ഞു. ഗൗരിയമ്മ കുടുംബത്തിന്‌ നൽകിയ വാത്സല്യവും കരുതലും മറക്കാൻ പറ്റില്ലെന്നും ഡെയ്സി പറഞ്ഞു.

1977-ലെ തിരഞ്ഞെടുപ്പിലാണ് ടി.എം. ജേക്കബ് ആദ്യമായി പിറവത്തുനിന്ന് മത്സരിച്ചത്. എട്ടു തവണ മത്സരിച്ച ജേക്കബ് ഏഴു തവണ വിജയം നേടി. ജേക്കബ്ബിന്റെ മരണശേഷം മകൻ അനൂപ് േജക്കബ്ബാണ് പിറവത്തെ പ്രതിനിധാനം ചെയ്യുന്നത്.

അവസാനകാലത്ത്‌ പെണ്ണമ്മ കോൺഗ്രസിലേക്ക്‌ തിരിച്ചെത്തി. ടി.എം. ജേക്കബ് കേരള കോൺഗ്രസ് നേതാവായെങ്കിലും പെണ്ണമ്മ കോൺഗ്രസിൽ ഉറച്ചുനിന്നു. 1998 ഒക്ടോബർ എട്ടിന്‌ അന്തരിച്ചു. ‘മണ്ണത്തൂരിന്റെ അമ്മ’യെന്നാണ് പെണ്ണമ്മ അറിയപ്പെടുന്നത്.