വാമപ്പ് കഴിഞ്ഞു ഞങ്ങൾ ഗ്രൗണ്ടിലേക്കിറങ്ങാൻ തുടങ്ങുകയാണ്. മണ്ഡലത്തിലെ 175 ബൂത്ത് കമ്മിറ്റികളും രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. വോട്ടർ പട്ടികയിൽ പേരുചേർക്കലെന്ന വാമപ്പും നേരത്തെതന്നെ നടത്തി. പാർട്ടി സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പു കിട്ടിയതോടെ മണ്ഡലത്തിലെ പ്രവർത്തകരെല്ലാം ഉഷാറാണ്. ടീമിന്റെ ടോട്ടൽ പെർഫോമൻസിലാണ് എല്ലാ ശ്രദ്ധയും. സർക്കാറിന്റെ അഴിമതിക്കും ദുർഭരണത്തിനും എതിരേയാണ് ഞങ്ങളുടെ ആക്രമണം. എതിരാളികളുടെ കളിയുടെ ശൈലിയും ഞങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അവരുടെ ആക്രമണം പെനാൽട്ടി ബോക്‌സിലേക്ക്‌ എത്തുന്നതിനുമുമ്പേ തടയിടാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. പരമാവധി ഫൗൾ ഇല്ലാതെ ക്ലീൻ ഫുട്‌ബോളുമായാണ് ഈ തിരഞ്ഞെടുപ്പിലേക്കു ഞങ്ങൾ ഇറങ്ങുന്നത്. എതിരാളികളെ വ്യക്തിപരമായോ മാനസികമായോ ആക്രമിക്കുന്ന മോശം ഫുട്‌ബോൾ ഞങ്ങൾ കളിക്കില്ല. ഗാലറിയിലിരിക്കുന്ന കാണികളല്ലേ അവസാന വിധിയെഴുതേണ്ടത്

വി.ഡി.സതീശൻ (യു.ഡി.എഫ്‌., പറവൂർ എം.എൽ.എ.)ഞങ്ങളുടെ ടീിമിനു തകർപ്പൻ ജയം ജനങ്ങൾ സാക്ഷാത്കരിക്കുമെന്ന് ഉറപ്പാണ്. കുടിവെള്ള പ്രശ്‌നത്തിന്റെ പരിഹാരമാണ് ഞങ്ങളുടെ കളിയിലെ തുറുപ്പുചീട്ടുകളിലൊന്ന്. നേരത്തെ ദിവസം ആറു എം.എൽ.ഡി. വെള്ളം മാത്രം കിട്ടിയിരുന്ന കൊച്ചി പ്രദേശത്ത് ഇപ്പോൾ 22 എം.എൽ.ഡി. വെള്ളമെത്തുന്നു. ചെല്ലാനം ഹാർബറാണ് മറ്റൊന്ന്. തകർച്ച മാത്രം കണ്ടിരുന്ന പ്രദേശത്ത് വികസനത്തിന്റെ അടയാളമായി മാറിയ ഹാർബർ എത്രയോ ജീവിതങ്ങൾക്കാണ് പ്രകാശമായത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഏറെയുള്ളതുകൊണ്ട് തകർപ്പൻ ആക്രമണ ഫുട്‌ബോൾതന്നെ ഞങ്ങൾക്കു കാഴ്ചവെക്കാനാകും. എതിരാളികളുടെ മൂർച്ചയില്ലാത്ത ഫോർവേഡുകൾക്കു ഞങ്ങളുടെ പെനാൽറ്റി ബോക്‌സിൽ കയറി ഒന്നും ചെയ്യാനില്ല. അവർക്കാകെ ചെയ്യാനുള്ളത് ഇല്ലാത്ത ആരോപണങ്ങളുടെ കെട്ടഴിച്ചുവിടലാണ്. അങ്ങനെ വന്നാൽ അതിനെ ഡിഫൻഡ് ചെയ്ത് ഗോൾ വഴങ്ങാതിരിക്കാനുള്ള മികവും ഞങ്ങൾക്കുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിഫൻസീവ് ഫുട്‌ബോൾ ഒട്ടും വേണ്ടിവരില്ല. ആക്രമിച്ചു കളിക്കുക, ഗോളടിക്കുക, ജയിക്കുക.

കെ.ജെ.മാക്സി (എൽ.ഡി.എഫ്‌., കൊച്ചി എം.എൽ.എ.)